കാസര്‍ഗോഡ്: ഭാരത് സെന്‍സസ് 2027 ആദ്യഘട്ട സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സെല്‍ഫ് എന്യുമറേഷന് ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് അവസാനിച്ചത്. ജില്ലയില്‍ 15,000 ത്തോളം പേരാണ് സെല്‍ഫ് എന്യുമറേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ സെന്സസുകളില് നിന്ന് വ്യത്യസ്തമായി പൊതുജനങ്ങള്‍ക്ക് നേരിട്ട് ഓണ്‍ലൈനായി വിവരങ്ങള്‍ സമര്‍പ്പിക്കാവുന്ന രീതിയാണ് സെല്‍ഫ് എന്യുമറേഷന്. സെല്‍ഫ് എന്യുമറേഷന്റെ ഭാഗമായി പൂരിപ്പിച്ച 34 ചോദ്യങ്ങളുമായി ബന്ധപ്പെട്ട് ജൂലൈ ഒന്നു മുതല്‍ ജൂലൈ 30 വരെയുള്ള ദിവസങ്ങളില്‍ സെന്‍സസ് പ്രവര്‍ത്തകര്‍ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിക്കും.കളക്ടറേറ്റില്‍ ജില്ലാ സെന്‍സസ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹെല്‍പ്പ് ഡസ്ക് വഴി 300 ഓളം പേരാണ് സെല്‍ഫ് എന്യുമറേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയത്. കളക്ടറേറ്റില്‍ എത്തുന്ന പൊതുജനങ്ങളെ സെല്‍ഫ് എന്യുമറേഷന് നടപടികളില്‍ സഹായിക്കുക, സെന്‍സസും സെല്‍ഫ് എന്യുമറേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദുരീകരിക്കുക എന്നിവയായിരുന്നു ഒരു ടെക്നിക്കല്‍ അസിസ്റ്റന്റ് ഒരു ഡിസി ഇന്റേണും അടങ്ങുന്ന ഹെല്‍പ്പ് ഡെസ്ക്കിന്റെ ലക്ഷ്യം. സെല്‍ഫ് എന്യുമറേഷനായുള്ള സമയപരിധി അവസാനിച്ചതോടെ കളക്ടറേറ്റിലെ ഹെല്‍പ്പ് ഡെസ്ക്കിന്റെയും താലൂക്ക്, മുനിസിപ്പാലിറ്റി ഓഫീസുകളില്‍ സെല്‍ഫ് എന്യൂമറേഷന് സഹായിക്കുന്നതിനായി പ്രവര്‍ത്തിച്ചിരുന്ന ഹെല്‍പ്പ് ഡെസ്ക്കിന്റെയും പ്രവര്‍ത്തനം അവസാനിച്ചു. പകരം ഇന്നുമുതല്‍ എല്ലാ താലൂക്ക്, മുനിസിപ്പാലിറ്റി ഓഫീസുകളിലും വീടുകളുടെയും കെട്ടിടങ്ങളുടെയും കണക്കെടുപ്പുമായി ബന്ധപ്പെട്ട സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഹെല്‍പ്പ് ഡെസ്ക്കുകള്‍ തുറക്കും.
പൊതുജനങ്ങളെ സെല്‍ഫ് എന്യുമറേഷന് നടപടികളില്‍ സഹായിക്കുന്നതിനായി രാജ്യത്ത് ആദ്യമായി നടക്കുന്ന ഡിജിറ്റല്‍ സെന്‍സസില്‍ കുണ്ടംകുഴി ജിഎച്ച്എസ്എസിലെ ലിറ്റില്‍ കൈറ്റ്സ് വിഭാഗം കുട്ടികളും പങ്കാളികളായി. സെല്‍ഫ് എന്യുമറേഷന് നടപടികള്‍ അവസാനിക്കാനിരിക്കെയുള്ള രണ്ട് ദിവസങ്ങളില്‍ ലിറ്റില്‍ കൈറ്റ്സിന്റെ നേതൃത്വത്തിലുള്ള ഇ- സേവാകേന്ദ്രം പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെട്ടു. സ്കൂളിലെ നൂറിലേറെ അധ്യാപകരുടെയും ജീവനക്കാരുടെയും സെല്‍ഫ് എന്യുമറേഷന് ലിറ്റില്‍ കൈറ്റ്സ് വിദ്യാര്‍ഥികള്‍ പൂര്‍ത്തിയാക്കി. സെൽഫ് എന്യുമറേഷന് ചെയ്യാനായി സ്കൂളിലെത്തുന്ന പൊതുജനങ്ങള്‍ക്കും ലിറ്റില്‍ ഇ- സേവാകേന്ദ്രത്തിന്റെ സഹായം ലഭിച്ചു. രാവിലെയും വൈകുന്നേരവും ലിറ്റില്‍ കൈറ്റ്സ് വിദ്യാര്‍ഥികള്‍ അടുത്തുള്ള വീടുകളില്‍ ചെന്ന് സെല്‍ഫ് എന്യുമറേഷന് ചെയ്യാന്‍ സഹായിച്ചു.
മുഖ്യാധ്യാപിക കെ. പ്രീതയുടെ വിവരങ്ങള്‍ സെന്‍സസ് പോര്‍ട്ടലില്‍ രേഖപ്പെടുത്തിയാണ് ലിറ്റില്‍ കൈറ്റ്സ് സെല്‍ഫ് എന്യുമറേഷന് പ്രവര്‍ത്തനം ആരംഭിച്ചത്. സ്റ്റാഫ് സെക്രട്ടറി രാധാകൃഷ്ണന്, ലിറ്റില്‍ കൈറ്റ്സ് അധ്യാപകര്‍ അജിത, രവീന്ദ്രന് എന്നിവര്‍ ക്യാമ്പിന് നേതൃത്വം വഹിച്ചു.
Tags : Nattuvishesham Districte News