പ്രതീകാത്മക ചിത്രം
കൊച്ചി: കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസിനെ തടഞ്ഞുവച്ച് അതിക്രമിച്ചെന്ന കേസിൽ 17 എസ്എഫ്ഐ പ്രവർത്തകരെ 11 വരെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി വിലക്കി. കാലടി പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി പി.എസ്. അർച്ചനയടക്കം നൽകിയ ഹർജി 11ന് പരിഗണിക്കാനായി മാറ്റിയതിനെത്തുടർന്നാണ് അതുവരെ അറസ്റ്റ് തടഞ്ഞ് ജസ്റ്റീസ് കൗസർ എടപ്പഗത്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഓഗസ്റ്റ് 13ന് സർവകലാശാലയിൽ എസ്എഫ്ഐ നടത്തിയ സമരത്തിനിടെ വൈസ് ചാൻസലറുടെ പ്രതീകാത്മക ശവസംസ്കാരം നടത്തി, സിൻഡിക്കേറ്റ് യോഗം കഴിഞ്ഞ് മടങ്ങിയ വിസിയെയും ജീവനക്കാരെയും ആക്രമിച്ചു, വിസിയുടെ മുടിയിൽ പിടിച്ചു വലിച്ചു, വാഹനത്തിന് കേടുപാടുകളുണ്ടാക്കി തുടങ്ങിയ കുറ്റങ്ങളാണ് ഹർജിക്കാർക്കെതിരെയുള്ളത്. എന്നാൽ, സർവകലാശാലയുടെ ഭരണപരമായ വീഴ്ചകൾക്കെതിരെ സമാധാനപരമായാണ് പ്രതിഷേധിച്ചതെന്നും തിയറ്റർ വകുപ്പിലെ ലൈറ്റുകൾ പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് ലൈറ്റുകളുടെ പ്രതീകാത്മക ശവസംസ്കാരമാണു നടത്തിയതെന്നും ചിത്രങ്ങളും ഹാജരാക്കി ഹർജിക്കാർ വാദിച്ചു. നേരത്തെ എറണാകുളം ജില്ലാ സെഷൻസ് കോടതി ഹർജി തള്ളിയതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
Tags : Arrest NattuVishasham DistrictNews