റെയിൽവേ മേൽപാല നിർമാണ സാധ്യത വിലയിരുത്തുന്നു.
കണ്ണൂർ: താഴെ ചൊവ്വയിലെ റെയിൽവേ മേൽപാല നിർമാണ സാധ്യത മനസിലാക്കുന്നതിനായി സ്ഥല പരിശോധന നടത്തി. ടി.ഒ. മോഹനൻ എംഎൽഎയും പൊതുമരാമത്ത് ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധന നടത്തിയത്. കഴിഞ്ഞ 50 വർഷക്കാലമായി നാട്ടുകാരുടെ ആവശ്യമാണ് ഇവിടെ റെയിൽവേ മേൽപാലം വേണം എന്നുള്ളത്. ഭൂരിഭാഗം സമയവും ഗേറ്റ് അടഞ്ഞുകിടക്കുന്നത് കാരണം താഴെ ചൊവ്വ മേഖലയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.
മേലെചൊവ്വ, തെക്കി ബസാർ മേൽപാലങ്ങൾ, നടാൽ റെയിൽവേ മേൽപാലം, ഒകെ യുപി സ്കൂൾ അടിപ്പാത, മുണ്ടയാട് ജേണലിസ്റ്റ് കോളനി, കിഴുത്തള്ളി സർവീസ് റോഡ് തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ടി.ഒ. മോഹനൻ എംഎൽഎ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകിയതിനെ തുടർന്ന് മന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്നിരുന്നു.
എംഎൽഎയെ കൂടാതെ കൗൺസിലർമാരായ കെ.പി. സീന, ഇ. സുനില, മുൻ കൗൺസിലർ പി.കെ. സാജേഷ് കുമാർ, പൊതു മരാമത്ത് റോഡ്സ് എക്സിക്യുട്ടിവ് എൻജിനിയർ പ്രശാന്ത്, അസിസ്റ്റന്റ് എൻജിനിയർ മുഹമ്മദ് മുന്നാസ്, സി. വിനോദ്, സോമസുന്ദരൻ, എം.കെ. വരുൺ മഹീന്ദ്രൻ തുടങ്ങിയവരും ഉണ്ടായിരുന്നു.