ജോസ് കെ. മാണി എംപിയും നേതാക്കളും സ്ഥലത്തെത്തിയപ്പോൾ.
മുരിങ്ങൂർ: വർഷങ്ങളായി വഴിവിളക്കില്ലാതെ ഇരുട്ടിലായിരുന്ന മുരിങ്ങൂർ ഡിവൈൻ നഗർ റെയിൽവേ മേൽപാലത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ സോളാർ വഴിവിളക്കുകൾ പ്രവർത്തനസജ്ജമാക്കുമെന്ന് ഉറപ്പ്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുന്നതിനായി രാജ്യസഭാംഗവും കേരള കോൺഗ്രസ് - എം ചെയർമാനുമായ ജോസ് കെ. മാണി ഇന്നലെ രാത്രി 7.45ഓടെ മേൽപാലത്തിലെത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി.
മേൽപാലം ഇരുട്ടിലാണെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം ദീപിക പ്രസിദ്ധീകരിച്ച വാർത്ത പാർട്ടി ഭാരവാഹികൾ ജോസ് കെ. മാണിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഫണ്ട് അനുവദിച്ചിട്ടും പദ്ധതി നടപ്പാകാത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് എംപിയുടെ ഇടപെടൽ.
2025 മേയിൽ ജോസ് കെ. മാണി ഇടപെട്ട് എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് ആറു ലക്ഷം രൂപ സോളാർ വിളക്കുകൾ സ്ഥാപിക്കുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി അനുവദിച്ചിരുന്നു. ഫണ്ട് അനുവദിച്ചതിന്റെ ഭാഗമായി കേരള കോൺഗ്രസ് - എം ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേൽപാലത്തിൽ ആഹ്ലാദാരവം എന്ന പേരിൽ പരിപാടിയും സംഘടിപ്പിച്ചിരുന്നു. എന്നാൽ ഫണ്ട് അനുവദിച്ച് ഒരു വർഷം പിന്നിട്ടിട്ടും വിളക്കുകൾ പ്രവർത്തനസജ്ജമാകാത്തതു നാട്ടുകാരിൽ കടുത്ത നിരാശക്കിടയാക്കി.
വിഷയം പാർട്ടിയുടെ ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റിയും പ്രാദേശിക ഘടകവും എംപിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് ജോസ് കെ. മാണി നേരിട്ട് ഇടപെട്ടത്. കരാറുകാരനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ജോസ് കെ. മാണി കൃത്യമായ നിർദേശങ്ങൾ നൽകി. രണ്ടാഴ്ചയ്ക്കുള്ളിൽ വഴിവിളക്കുകൾ പ്രവർത്തനസജ്ജമാക്കുമെന്നാണ് കരാറുകാരൻ ഉറപ്പു നൽകിയിരിക്കുന്നത്.
Tags : Streetlights NattuVishasham DistrictNews