എം.വി. ഗോവിന്ദൻ മലാപ്പറമ്പ് പ്രൊവിഡൻസ് വനിതാ കോളജിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ സന്ദർശിച്ചപ്പോൾ.
കോഴിക്കോട്: വെള്ളിയാഴ്ച മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയില്‍. ഇന്നലെ രാവിലെ മുതല്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും മിക്ക ഇടങ്ങളിലും കയറിയ വെള്ളം ഇറങ്ങിപ്പോകാതെ നില്‍ക്കുകയാണ്. നഗര പ്രദേശങ്ങളായ മൂഴിക്കല്‍, ചെലവൂര്‍, ആനക്കയം മേഖലകളില്‍ വീടുകളുടെ പകുതിയോളം ഉയരത്തില്‍ വെള്ളം കയറി. ഇവിടെ നിന്നുള്ള 16 കുടുംബങ്ങളാണ് ചെലവൂര്‍ പള്ളിത്താഴം മദ്രസ സ്കൂളില്‍ ദുരിതാശ്വാസ ക്യാന്പില്‍ കഴിയുന്നത്. ആകെ 67 പേരാണ് ഇവിടെയുള്ളത്. അവരില്‍ 25 പുരുഷന്മാരും 35 സ്ത്രീകളും എട്ട് കുട്ടികളും ഉള്‍പ്പെടുന്നു. ഇതില്‍ 41 പേര് ഇതരസംസ്ഥാന തൊഴിലാളികളാണ്. വെള്ളം ഇറങ്ങിയതിനാൽ ചില കുടുംബങ്ങൾ വീടുകളിലേക്ക് തിരിച്ചു പോയിട്ടുണ്ട്.
കോര്‍പറേഷന്റെയും റവന്യുവകുപ്പിന്റെയും നേതൃത്വത്തിലാണ് ഇവിടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ചെലവൂര്‍ വില്ലേജ് ഓഫീസര്‍ എം. ഷൈജുവാണ് ക്യാന്പിന്റെ പ്രവര്‍ത്തനങ്ങളെല്ലാം നോക്കി നടത്തുന്നത്. റവന്യു വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രധാനമായും ക്യാന്പിലേക്ക് ആവശ്യമായ ഭക്ഷണം, ചികിത്സാ സഹായങ്ങള്‍ എന്നിവ നല്‍കുന്നത്.
ഇതിന് പുറമെ നിരവധിയാളുകള്‍ സ്പോണ്സര് ചെയ്ത ഭക്ഷണവും ഇവിടെ നല്‍കുന്നുണ്ട്. ആവശ്യക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഭക്ഷണം എടുത്തു കഴിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. കോഴിക്കോട് നോര്‍ത്ത് മണ്ഡലം എംഎല്‍എ കെ. ജയന്ത് ദുരിതാശ്വാസ ക്യാന്പിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്.