ഭരണങ്ങാനം: ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു ഭാരത ലിസ്യുവായ ഭരണങ്ങാനം ഒരുങ്ങുന്നു. 19 മുതല്‍ 28 വരെയാണ് തിരുനാള്‍. ലളിതവും ഭക്തിസാന്ദ്രവുമായി നടത്തുന്ന 10 ദിവസത്തെ തിരുനാളില്‍ പങ്കെടുക്കുന്നതിനായി കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ആയിരക്കണക്കിനു തീര്‍ഥാടകര്‍ ഭരണങ്ങാനത്തെത്തും. തിരുനാള്‍ ദിവസങ്ങളില്‍ 300 വൈദികര്‍ തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.
തിരുനാളിനുള്ള ഒരുക്കങ്ങള്‍ തീര്‍ഥാടന ദേവാലയത്തിലും ഇടവക ദേവാലയമായ സെന്റ് മേരീസ് ഫൊറോന പള്ളിയിലും നടന്നു വരികയാണ്. പേപ്പല്‍ പതാകകളും കൊടിതോരണങ്ങളും മുത്തുക്കുടകളും കൊണ്ട് ദേവാലയവും പരിസരവും അലംകൃതമാക്കും. ഇലുമിനേഷന്‍ ലൈറ്റിംഗ് സംവിധാനവും ഉണ്ടായിരിക്കും. തീര്‍ഥാടകര്‍ക്കായി പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങളും നടക്കുന്നു.
ബിഷപ്പുമാരുടെ സാന്നിധ്യം
പ്രധാന തിരുനാള്‍ ദിനമായ 28നു രാവിലെ 10.30ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. അന്നേദിവസം രാവിലെ 8.30ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, മാര്‍ ജോസ് പുളിക്കല്‍, മാര്‍ അഗസ്റ്റിന് ചരണകുന്നേല്‍, മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവര്‍ വിവിധ ദിവങ്ങളില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.
താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയുടെ നേതൃത്വത്തില്‍ രൂപതയില്‍നിന്നുള്ള 60ൽപ്പരം വൈദികരും നിരവധി സമര്‍പ്പിതരും ഇടവക പ്രതിനിധികളും കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിന്റെ നേതൃത്വത്തില്‍ രൂപതയില്‍നിന്നും വൈദിക പ്രതിനിധികളും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനെത്തും.
മലങ്കര സഭയുടെ പ്രതിനിധിയായി മൂവാറ്റുപുഴ ബിഷപ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസും ലത്തീന്‍ സഭയുടെ പ്രതിനിധിയായി കൊച്ചി ബിഷപ് ഡോ. മാര്‍ ആന്റണി കാട്ടിപ്പറമ്പിലും തിരുനാളിന് എത്തും.
അല്‍ഫോന്‍സാ സംഗമം
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പേര് സ്വീകരിച്ചിരിക്കുന്നവര്‍, വ്യാപാര സ്ഥാപനങ്ങള്‍, വാഹനങ്ങള്‍, സ്കൂളുകള്‍, കോളജുകള്‍, ആശുപത്രികള്‍, ഇടവക വാര്‍ഡുകള്‍, ഇടവക പള്ളികള്‍ എന്നിങ്ങനെ നിരവധിയായുണ്ട്. 25നു വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്ബാനയോടു ചേര്‍ന്ന് അല്‍ഫോന്‍സാ നാമധാരികളുടെ സംഗമം നടത്തും.
ജപമാല റാലി
തിരുനാള്‍ നൊവേന നടക്കുന്ന ഒമ്പതു ദിവസങ്ങളിലും വൈകുന്നേരം ആറിന് ജപമാല റാലി നടത്തും. കൈയില്‍ ദീപങ്ങളേന്തി ആയിരക്കണക്കിന് വിശ്വാസികള്‍ അല്‍ഫോന്‍സാമ്മയോടൊപ്പം ജപമാല ചൊല്ലി പ്രാര്‍ഥിക്കും. ഓരോ ദിവസവും റാലിക്ക് വിവിധ ഭക്തസംഘടനകളും ഇടവകകളും സമര്‍പ്പിത സമൂഹങ്ങളും നേതൃത്വം നല്‍കും. വിവിധ സെമിനാരികളിലെ വൈദിക വിദ്യാര്‍ഥികള്‍ തിരുനാള്‍ ദിവസങ്ങളില്‍ തീര്‍ഥാടന പള്ളിയിലെത്തി പ്രാര്‍ഥനകളില്‍ പങ്കുചേരും. വിശുദ്ധ ഫ്രാന്‍സിസിന്റെ വര്‍ഷം പ്രമാണിച്ച്, തിരുനാളിന് ഫ്രാന്‍സിസ്കന്‍ സഭാംഗങ്ങളുടെയും ക്ലാരിസ്റ്റ് സഭാംഗങ്ങളുടെയും പ്രത്യേക ഒത്തുചേരലുകള്‍ നടത്തും.
അല്‍ഫോന്‍സാമ്മയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍, ഭരണങ്ങാനത്തെത്തുന്നവര്ക്ക് കാണുവാന്‍ സാധിക്കുന്ന പ്രത്യേക കാര്യങ്ങള്‍, തീര്‍ഥാടന കേന്ദ്രത്തിലെ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി മനോഹരമായ റീലുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്യും. അല്‍ഫോന്‍സാമ്മയുടെ ജീവിതം, വിശുദ്ധി എന്നിവയുമായി ബന്ധപ്പെടുത്തിയുള്ള പുസ്തകങ്ങളുടെ പ്രകാശനവും തിരുനാള്‍ ദിവസങ്ങളില്‍ നടക്കുമെന്ന് തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. അഗസ്റ്റിന് പാലയ്ക്കപ്പറമ്പിലും ഫൊറോന വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ടും അറിയിച്ചു.
തീര്‍ഥാടന ദേവാലയം അടയ്ക്കുന്നില്ല
തിരുനാളിന്റെ 10 ദിവസങ്ങളിലും കബറിട ദേവാലയം 24 മണിക്കൂറും തുറന്നിട്ടിരിക്കും. രാത്രികളില്‍ ജാഗരണ പ്രാര്‍ഥനയ്ക്ക് വിശ്വാസികളോടൊപ്പം ഭരണങ്ങാനം പ്രൊവിന്‍സിലെ ക്ലാരിസ്റ്റ് സിസ്റ്റർമാർ, പാലാ അല്‍ഫോന്‍സാ പ്രോവിന്സിലെ ക്ലാരിസ്റ്റ് സിസ്റ്റർമാർ, ഭരണങ്ങാനം സിഎസ്ടി ജനറലേറ്റിലെ സിസ്റ്റർമാർ, കൂടാതെ ഷ്റൈനിലെ അല്‍ഫോന്‍സാ വോളന്റിയർമാരുടെ 120 കുടുംബങ്ങൾ എന്നിവർ ജാഗരണ പ്രാര്‍ഥനകള്‍ക്ക് എത്തും.
കൊടിയേറ്റ് 19ന് രാവിലെ 11.15ന്
19നു രാവിലെ 11.15ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിനു കൊടിയേറ്റും. മാര്‍ ജോസഫ് പള്ളിക്കാപറമ്പിലും കൊടിയേറ്റുകര്മത്തില് പങ്കെടുക്കും. തുടര്‍ന്ന് 11.30ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.
തിരുനാള്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 5.30നും രാവിലെ 6.45നും 8.30നും 10നും 11.30നും ഉച്ചകഴിഞ്ഞ് 2.30നും 3.30നും വൈകുന്നേരം അഞ്ചിനും രാത്രി ഏഴിനും തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാനയുണ്ടായിരിക്കും. 19ന് ഉച്ചകഴിഞ്ഞ് ഒന്നിന് ഹിന്ദിയിലും 2.30ന് ഇംഗ്ലീഷിലും 25ന് ഉച്ചകഴിഞ്ഞ് 2.30ന് തമിഴിലും 3.30നു ഹിന്ദിയിലും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. എല്ലാ ദിവസവും വൈകുന്നേരം 6.15ന് ജപമാല മെഴുകുതിരി പ്രദക്ഷിണവും ഉണ്ടായിരിക്കും.
Tags : Nattuvishesham District news