ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ അത്യാധുനിക സൗകര്യമുള്ള ആംബുലൻസ്.
ചിറ്റൂർ: ഏതുസമയവും ഓടാൻ തയാറായി ആധുനിക സൗകര്യങ്ങളുള്ള ആംബുലൻസ് ചിറ്റൂർ താലൂക്ക് ആശുപത്രിയിലുണ്ട്. എന്നാൽ ഓടിക്കാൻ ഡ്രൈവറില്ലാത്തതിനാൽ വൈകുന്നേരം അഞ്ചുകഴിഞ്ഞാൽ സേവനം നിലയ്ക്കും.
രാത്രിയിൽ മിക്ക കേസുകളും ജില്ലാ ആശുപത്രിയിലേക്കു റഫർ ചെയ്യാറുണ്ട്. ഇത്തരം രോഗികളാണ് ഏറെയും വലയുന്നത്. നിലവിൽ 108 ആംബുലൻസ് മാത്രമാണ് ഏക ആശ്രയം.
മണിക്കൂറുകളോളം കാത്തുനിന്ന് സ്വകാര്യ ആംബുലൻസുകളെ ശരണംപ്രാപിക്കേണ്ട ഗതികേടും നിലവിലുണ്ട്. മുന്‍പുണ്ടായിരുന്ന ആംബുലൻസ് കട്ടപ്പുറത്തായപ്പോൾ മുൻമന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ എംഎൽഎ ഫണ്ടുപയോഗിച്ചാണ് പുതിയ ആംബുലൻസെത്തിച്ചത്.
ആംബുലൻസിന്റെ സേവനം 24 മണിക്കൂറും ലഭിക്കണമെങ്കിൽ കുറഞ്ഞത് മൂന്നു ഡ്രൈവർമാരെങ്കിലും ആവശ്യമുണ്ട്. നിലവിൽ ഒരാൾമാത്രമാണ് സർവീസിലുള്ളത്. ഡ്രൈവർമാരുടെ കുറവ് നികത്തണമെന്നു കാണിച്ച് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കത്തുനൽകിയിട്ടുണ്ടെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. രാഹുൽ വർമ അറിയിച്ചു. ലക്ഷങ്ങൾമുടക്കി ആംബുലൻസ് വാങ്ങിയിട്ടും ഡ്രൈവർ ഇല്ലാത്തതിനാൽ രാത്രിയിൽ ജീവൻ രക്ഷാപ്രവർത്തനം അവതാളത്തിലാകുന്ന അവസ്ഥയ്ക്ക് അടിയന്തര പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Nattuvishesham District news