ചങ്ങനാശേരി: തുരുത്തി-മുളയ്ക്കാംതുരുത്തി-വാലടി റൂട്ടില്‍ ബസ് സര്‍വീസ് പുനരാരംഭിക്കാൻ കെഎസ്ടിപി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ കെഎസ്ആര്‍ടിസി ആലപ്പുഴ, കോട്ടയം ഡിപ്പോ ഡിടിഒമാര്ക്ക് രേഖാമൂലം നിര്‍ദേശം നല്കി. കുഴികൾ നികത്തി റോഡ് സഞ്ചാരയോഗ്യമാക്കി നല്കാന് കരാറുകാരന് കെഎസ്ടിപി നിര്‍ദേശം നല്കി.
എന്നാല്‍, ഇത് സംബന്ധിച്ച അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് ചങ്ങനാശേരി കെഎസ്ആർടിസി ഡിപ്പോ അധികൃതര്‍ പറയുന്നത്. കെഎസ്ടിപി അനുമതി നല്കിയാല് തുരുത്തി-മുളയ്ക്കാംതുരുത്തി-വാലടി റൂട്ടില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ചങ്ങനാശേരി കെഎസ്ആര്‍ടിസി ഡിപ്പോ അധികൃതര്‍ നേരത്തേ സമ്മതിച്ചിരുന്നു.
റോഡ് വികസനത്തിന്റെ ഭാഗമായി വാലടി ഒന്നാം കലുങ്ക് നിര്‍മാണം നടക്കുന്നതിനാൽ ബസ് സർവീസ് നിർത്തിവയ്ക്കാൻ കെഎസ്ടിപി നോട്ടീസ് നല്‍കിയിരുന്നു. കലുങ്ക് നിര്‍മാണം പൂര്‍ത്തിയായി റോഡ് തുറന്നിട്ടും ബസുകള്‍ ഓടാന്‍ കെഎസ്ടിപി നിര്‍ദേശം നല്‍കിയിരുന്നില്ല. ഇതിനാലാണ് കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ പുനരാരംഭിക്കാതിരുന്നത്.
തുരുത്തി-മുളയ്ക്കാംതുരുത്തി-വാലടി-കിടങ്ങറ-എടത്വ-വീയപുരം റോഡ് നിര്‍മാണം കെഎസ്ടിപിയുടെ നേതൃത്വത്തില്‍ പരോഗമിച്ചുവരികയാണ്. ദേശസാല്‍കൃത റൂട്ടായതിനാൽ കെഎസ്ആർടിസി മാത്രമാണ് യാത്രക്കാരുടെ ആശ്രയം. രണ്ടുമാസക്കാലമായി കെഎസ്ആര്‍ടിസി സര്‍വീസ് നടത്താത്തതിനാൽ രൂക്ഷമായ യാത്രാക്ലേശമാണ് പ്രദേശവാസികൾക്ക്.
Tags : Local News Nattuvishesham Kottayam