സർവീസ് നിലച്ച വൈക്കം ജങ്കാർ ജെട്ടി.
വൈക്കം: വേമ്പനാട്ടുകായലിലെ വൈക്കം-തവണക്കടവ് ഫെറിയിൽ നടന്നുവന്നിരുന്ന ജങ്കാർ സർവീസിന്റെ ടെണ്ടറെടുക്കാൻ കരാറുകാർ വിമുഖത കാട്ടുന്നത് ജങ്കാർ സർവീസ് ആരംഭിക്കുന്നതിന് തടസമാകുന്നു. കരാർ കാലാവധി പൂർത്തിയായതിനെ തുടർന്ന് ഒരുമാസം മുമ്പ് നിലച്ച ജങ്കാർ സർവീസ് പുനരാരംഭിക്കാൻ രണ്ടു തവണ ടെണ്ടർ ക്ഷണിച്ചിട്ടും കരാർ ഏറ്റെടുക്കാൻ ആരും എത്തിയില്ല.
പള്ളിപ്പുറം പഞ്ചായത്തും വൈക്കം നഗരസഭയും സംയുക്ത യോഗം ചേർന്ന് ജങ്കാർ സർവീസ് നടത്തിയിരുന്ന കരാറുകാരുമായി ചർച്ച നടത്തിയെങ്കിലും ടിക്കറ്റ് നിരക്കിൽ 40 ശതമാനം വർധന വരുത്തിയാൽ സർവീസ് ആരംഭിക്കാമെന്നാണ് കരാറുകാരൻ പറയുന്നത്.
15 ശതമാനം വരെ വർധന നൽകാമെന്ന് പറഞ്ഞെങ്കിലും കരാറുകാരൻ അനുകൂലിച്ചില്ലെന്ന് നഗരസഭചെയർമാൻ അബ്ദുൾ സലാം റാവുത്തർ പറഞ്ഞു. നേരേകടവ് - മാക്കേക്കടവ് കായൽ പാലം ഏതാനും മാസങ്ങൾക്കകം ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതോടെ തവണക്കടവ്- വൈക്കം ഫെറിയിലെ ജങ്കാർ സർവീസിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻകുറവ് ഉണ്ടാകുമെന്ന് കരുതിയാണ് ജങ്കാർ സർവീസ് ഏറ്റെടുത്ത് നടത്താൻ കരാറുകാർ മുതിരാത്തതെന്നാണ് പറയപ്പെടുന്നത്.
Tags : Local News Nattuvishesham Kottayam