കടുത്തുരുത്തി ബൈപ്പാസിന് സമീപം കണിയാംപറമ്പില്‍ ബില്‍ഡിംഗിന് മുന്നില്‍ സ്ഥിതി ചെയ്യുന്ന അപകടാവസ്ഥയിലുള്ള മരങ്ങള്‍.
കടുത്തുരുത്തി: മഴക്കാലം ആരംഭിച്ചതോടെ ചുവട് ദ്രവിച്ചും വേരുറപ്പില്ലാതെയും റോഡരികുകളില്‍ നില്ക്കുന്ന വൻ മരങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. കോട്ടയം-എറണാകുളം റോഡരികില്‍ വിവിധ സ്ഥലങ്ങളിലായി നിരവധി പാഴ്മരങ്ങളാണ് അപകടാവസ്ഥയിലുള്ളത്. കാറ്റിലും മഴയിലും ഇത്തരം മരങ്ങള്‍ ഒടിഞ്ഞു വീഴുന്നത് പതിവായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. റോഡിലൂടെ കടന്നു പോകുന്ന 11 കെവി ഉള്‍പ്പെടെയുള്ള വൈദ്യുതി ലൈനുകള്‍ക്കും മരങ്ങള്‍ ഭീഷണിയാണ്.
പലപ്പോഴും മരങ്ങള്‍ വീഴുമ്പോള്‍ വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു വീണ് നാശമുണ്ടാകാറുണ്ട്. അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ വെട്ടി നീക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കടുത്തുരുത്തി, മാഞ്ഞൂര്‍ ഉള്‍പ്പെടെയുള്ള പഞ്ചായത്തിലെ ജനപ്രതിനിധികള്‍ പൊതുമരാമത്ത് വകുപ്പിനും മറ്റു വകുപ്പുകള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. മരങ്ങള്‍ മൂലം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും സെക്രട്ടറി കണ്‍വീനറുമായിട്ടുള്ള ട്രീ കമ്മിറ്റിയുണ്ടെങ്കിലും ഇതു പലപ്പോഴും നോക്കുകുത്തിയാവുകയാണെന്നു ജനപ്രതിനിധികളും ആരോപിക്കുന്നു.
കാറ്റും മഴയും ശക്തമാകുമ്പോൾ റോഡരികില്‍ നില്ക്കുന്ന മരങ്ങള്‍ ഒടിഞ്ഞുവീഴുന്നതും അപകടങ്ങളും നാശനഷ്ടമുണ്ടാകുന്നതും പതിവാണ്. ഇതുമൂലം കെഎസ്ഇബിക്കും വസ്തു ഉടമകള്‍ക്കും വഴിയാത്രക്കാര്‍ക്കും ഉള്‍പ്പെടെ നാശനഷ്ടങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും പ്രശ്ന പരിഹാരത്തിന് നടപടികളില്ല. കടുത്തുരുത്തിയില്‍ പുതിയ ബൈപാസ് ആരംഭിക്കുന്ന ഭാഗത്തെ കണിയാംപറമ്പില്‍ ബില്‍ഡിംഗിന് മുന്‍വശത്തായും ഇത്തരത്തില്‍ അപകടാവസ്ഥയിലുള്ള മരങ്ങളുണ്ട്.
ഏറെ പഴക്കമുള്ള മരങ്ങളുടെ ചുവട് ദ്രവിച്ചു പൊള്ളയായ അവസ്ഥയിലാണ്. വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്ത് പലപ്പോഴും ആള്ക്കൂട്ടങ്ങളുമുള്ളതാണ്. വണ്ടികള്‍ പാര്‍ക്ക് ചെയ്യുന്നതും അപകടാവസ്ഥയിലുള്ള മരങ്ങളുടെ ചുവട്ടിലാണ്. മഴക്കാലം ശക്തമാകുന്നതിന് മുന്നോടിയായി അടുത്തിടെ പാണാവേലി കട്ടിംഗ് റോഡിലെ പാഴ്മരങ്ങള്‍ വെട്ടി നീക്കിയിരുന്നു.
അപകടഭീഷണി ഉയര്‍ത്തിയിരുന്ന ഈ മരങ്ങള്‍ റോഡ് സുരക്ഷയുടെ ഭാഗമായാണ് വെട്ടിമാറ്റിയത്. ഇവിടെ മതിയായ വെളിച്ചമില്ലാത്തതും കാഴ്ച മറയ്ക്കുന്നതുമായ സ്ഥിതിവിശേഷമായിരുന്നു. കാറ്റില്‍ റോഡിലേക്കു മരങ്ങള്‍ വീഴുന്നതും മണ്ണിടിച്ചില്‍ മൂലമുണ്ടാകാവുന്ന അപകടസാധ്യതയും ഒഴിവാക്കാനാണ് പാഴ്മരങ്ങള്‍ വെട്ടിമാറ്റി സുരക്ഷിതമാക്കിയത്. പിഡബ്ല്യുഡി റോഡ്സ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മരങ്ങള്‍ വെട്ടി നീക്കിയത്.
Tags : Local News Nattuvishesham Kottayam