ചിറ്റൂർ: ഞായറാഴ്ചകളിലും മറ്റു സർക്കാർ അവധി ദിവസങ്ങളിലും കോഴിയങ്കം തകൃതിയെങ്കിലും പൂർണമായും തടയിടാനാകാതെ അധികൃതർ.
കോഴിയങ്കം നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും നാമമാത്രമായ ശിക്ഷയെന്നതിനാൽ നിർബാധം തുടരുകയാണ്. മീനാക്ഷിപുരം മുതൽ വേലന്താവളം വരെയുള്ള തമിഴ്നാട് അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ പോലീസ് വാഹനമെത്താത്ത സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് കോഴിയങ്കം നടത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം പെരുമാട്ടിയിലെ കോഴിയങ്കം നടക്കുന്നിടത്ത് പോലീസ് റെയ്ഡ് നടത്തിയെങ്കിലും പലരും ഓടിമറയുകയായിരുന്നു. കോഴിയങ്കത്തിൽ പങ്കെടുക്കാൻ തമിഴ്നാട്ടിൽ നിന്നുമാണ് കൂടുതൽ ചൂതുകളിക്കാർ എത്തുന്നത്.
ഇവരെ സഹായിക്കാൻ തദ്ദേശീയരായ യുവാക്കളും രംഗത്തുണ്ട് . ഇവർക്ക് ചൂതുകളി നടത്തിപ്പുകാർ നല്ല പ്രതിഫലവും നൽകുന്നുണ്ട്. താലൂക്കിന്റെ കിഴക്കൻമേഖലകളിൽ ചൂതുകളിക്കായി രഹസ്യമായി കൊത്തുകോഴികളെ വളർത്തി പരിശീലനം നൽകി വിൽപന നടത്തുന്നവരുമുണ്ട്. കൊത്തുകോഴികൾക്ക് 3000 മുതൽ 4000 വരെ മോഹവിലയാണ് ലഭിക്കുക.
തൈപ്പൊങ്കൽ, ഓണം, വിഷു, ദീപാവലി വിശേഷ ദിവസങ്ങളിലാണ് കൂടുതലായി കോഴിപ്പോര് നടത്താറുള്ളത്. കഴിഞ്ഞ വർഷം നിരവധി തവണ പോരുകോഴികൾ, പന്തയപ്പണം ഉൾപ്പെടെ പ്രതികളെ പിടികൂടിയിട്ടുണ്ടെങ്കിലും അതിർത്തിപ്രദേശങ്ങളിൽ പോലീസിനെ വെട്ടിച്ച് കോഴിയങ്കം തുടരുകയാണ്.
Tags : Nattuvishesham District news