ചാത്തന്നൂർ: സിപിഎം കുടുംബങ്ങളിൽനിന്ന് എതിർചേരിയായ ബിജെപിയുടെ ഗ്രാമപഞ്ചായത്ത് വാർഡ് സ്ഥാനാർഥികൾ. കല്ലുവാതുക്കൽ പഞ്ചായത്തിലെ മേവനക്കോണം വാർഡിലെ ബി ജെ പി സ്ഥാനാർഥി എസ്. ആർ. രോഹിണിയാണ് താരം. രോഹിണിയുടെ ഭർത്താവും ഭർതൃകുടുംബവും സിപിഎം പ്രവർത്തകരാണ്. ഒരു ഭർതൃസഹോദരൻ സിപിഎമ്മിന്റെ ജില്ലാതല നേതാവുമാണ്.
പക്ഷേ രോഹിണിയുടെ രാഷ്ട്രീയ വിശ്വാസത്തിന് ഭർതൃവീട്ടുകാർ എതിരല്ല. പക്ഷേ, രോഹിണി ബിജെപി പ്രവർത്തകയാണ്. ബ്ലോക്ക് പഞ്ചായത്തംഗമായിരിക്കുമ്പോഴാണ് വിവാഹം കഴിച്ചു സിപിഎം കുടുംബത്തിലെ മരുമകളായത്. അതുകൊണ്ടു രോഹിണി പാർട്ടിവിശ്വാസമൊന്നും മാറ്റിവച്ചില്ല. വീണ്ടും അങ്കത്തണ്ടിലിറങ്ങി കഴിഞ്ഞു.
2015 ൽ എംഎ പോളിറ്റിക്സ് ബിരുദദാരിയായ ഉടൻ 22മത്തെ വയസിൽ അങ്കത്തട്ടിലിറങ്ങിയ രോഹിണി കല്ലുവാതുക്കൽ പഞ്ചായത്തിലെ മേവനകോണം വാർഡിൽ ബിജെപി സ്ഥാനാർഥിയായി. പല തവണ പഞ്ചായത്തംഗമായിരുന്ന കോൺഗ്രസിലെ മുതിർന്ന വനിതാനേതാവ് ഗിരിജാ ഗോപാല കൃഷ്ണനെയാണ് അന്നു പരാജയപ്പെടുത്തിയത്. പിന്നീട് 2020ൽ ഇത്തിക്കര ബ്ളോക്ക് പഞ്ചായത്തിലേയ്ക്കു മത്സരിച്ചു വിജയിച്ച് ചരിത്രത്തിൽ ആദ്യമായി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിൽ ബി ജെ പി യുടെ അംഗമായി. ബ്ലോക്ക് പഞ്ചായത്തംഗമായിരിക്കുമ്പോഴാണ് രൂപേഷിനെ വിവാഹം കഴിച്ചു സിപിഎം കുടുംബത്തിലെ മരുമകളായത്.
ചാത്തന്നൂർ പഞ്ചായത്തിലെ താഴംവാർഡിലെ ബിജെപി സ്ഥാനാർഥി ജയപ്രദയ്ക്ക് ഇത് കന്നിയങ്കമാണ്. കുടുംബം മൊത്തത്തിൽ സിപിഎമ്മുകാരാണ്.
പിതാവ് ഉൾപ്പെടെയുള്ളവർ പാർട്ടി പ്രവർത്തകരുമാണ്. ബി ജെ പി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്തിന്റെ സഹോദരൻ പ്രദീഷാണ് ഭർത്താവ്. ഭർതൃവീട്ടുകാരുടെ താല്പര്യപ്രകാരമാണ് ജയപ്രഭ ബിജെപി സ്ഥാനാർഥിയായി കളത്തിലിറങ്ങിയിരിക്കുകയാണ്.
നിലവിലെ പ്രസിഡന്റുമാർക്ക് സ്ഥാനചലനം
ചാത്തന്നൂർ: നിയോജകമണ്ഡലത്തിലെ പല പഞ്ചായത്തുകളിലെയും നിലവിലെ പ്രസിഡന്റുമാർ അങ്കത്തട്ടിൽനിന്നും പുറത്ത്. ചിലർ സംഘടനാ ചുമതലകൾകൊണ്ട് മത്സരരംഗത്തുനിന്നും സ്വയം ഒഴിവായപ്പോൾ മറ്റു പലർക്കും സ്വന്തം പാർട്ടികൾ സീറ്റ് നിഷേധിക്കുകയായിരുന്നു. ചിലർക്കു ബ്ലോക്ക് ഡിവിഷനുകളിൽ സ്ഥാനാർഥിത്വം നൽകി.
ചാത്തന്നൂർ പഞ്ചായത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനകം പ്രസിഡന്റുമാരായ എസ്.കെ. ചന്ദ്രകുമാറും ടി. ദിജുവും മത്സരരംഗത്തില്ല. ടി. ദിജു സിപിഎം ലോക്കൽ സെക്രട്ടറിയും ചന്ദ്രകുമാർ സിപിഐ ലോക്കൽ സെക്രട്ടറിയുമായതാണ് മത്സരരംഗത്തുനിന്നും ഒഴിവാകാൻ കാരണം. ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വനിതാ സംവരണവുമാണ്. കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോൺഗ്രസിലെ എൻ. ശാന്തിനി സ്വയം മത്സരരംഗത്തു നിന്നും ഒഴിഞ്ഞു.
ചിറക്കര പഞ്ചായത്തിലെ പ്രസിഡന്റായിരുന്ന ടി. ആർ. സജില സിപിഐയിൽ ചേർന്നെങ്കിലും മത്സരിക്കാൻ സീറ്റു നൽകിയിട്ടില്ല. സിപിഎമ്മിൽനിന്നു വിജയിച്ച് രണ്ടര വർഷം കഴിഞ്ഞപ്പോൾ കോൺഗ്രസിനൊപ്പം ചേർന്നു പ്രസിഡന്റാവുകയും ഒരു മാസം മുമ്പ് പഞ്ചായത്തംഗത്വം രാജിവച്ച് സിപിഐയിൽ ചേരുകയുമായിരുന്നു ടി. ആർ. സജില.
ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് രേഖാ എസ്. ചന്ദ്രനും കോൺഗ്രസ് സീറ്റ് നിഷേധിച്ചു. പഞ്ചായത്ത് പ്രസിഡന്റാകാൻ വേണ്ടി പാർട്ടിയിലുണ്ടാക്കിയ പ്രശ്നങ്ങളാണ് കാരണം.
ഈ പഞ്ചായത്ത് ഭരണസമിതിയുടെ തുടക്കത്തിൽ പ്രസിഡന്റുമാരായിരുന്ന മൂന്നു വനിതകൾ ബ്ലോക്ക് പഞ്ചായത്തിലേയ്ക്കു മത്സരിക്കും.
ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോൺഗ്രസിലെ ഷീലബിനു, ചിറക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഐയിലെ സുശീല ദേവി എന്നിവർക്ക് സീറ്റ് ഉറപ്പായി. കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബിജെപിയിലെ എസ്. സുദീപയും ബ്ലോക്ക് പഞ്ചായത്തിലേയ്ക്കു മത്സരിക്കുമെന്നു ബിജെപി വൃത്തങ്ങൾ പറഞ്ഞു.
ചാത്തന്നൂരിൽ ബിജെപി സ്ഥാനാർഥികൾ പത്രിക നല്കി
ചാത്തന്നൂർ : ചാത്തന്നൂർപഞ്ചായത്തിൽ സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയ ബിജെപിയുടെ മൂന്നു സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. ബിജെപി ചാത്തന്നൂർ പഞ്ചായത്ത് സമിതി പ്രസിഡന്റും മീനാട് വാർഡിലെ ബിജെപി സ്ഥാനാർഥിയുമായ ശ്യാംരാജാണ് ഇന്നലെ രാവിലെ പത്രിക സമർപ്പണത്തിനു തുടക്കം കുറിച്ചത്. സ്ഥാനാർഥികളായ ബിജെപി ജില്ലാ കമ്മിറ്റി അംഗം അനുതുഷാദ്, മഹിളമോർച്ച ജില്ലാ സെക്രട്ടറി ഷീജ എന്നിവരും പത്രിക സമർപ്പിച്ചു.
ബിജെപി തിരുവനന്തപുരം മേഖല പ്രസിഡന്റ് ബി. ബി. ഗോപകുമാറിനൊപ്പം പഞ്ചായത്ത് റിട്ടേണിoഗ് ഓഫിസറായ ചാത്തന്നൂർ എഇഒയ്ക്ക് മുന്നിൽ എത്തിയാണ് പത്രികസമർപ്പണം നടത്തിയത്.
ഇന്നും നാളെയുമായി പത്രിക സമർപ്പണം പൂർത്തിയാക്കി സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് രംഗത്ത് പൂർണമായും സജീവമാകുമെന്നു ബിജെപി പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി ദിനേശ് പറഞ്ഞു.
ചവറയിൽ ആർഎസ്പി 36 ഇടങ്ങളിൽ മത്സരിക്കാൻ ധാരണയായി
ചവറ : ചവറയിൽ ആർഎസ്പി 36 ഇടങ്ങളിൽ മത്സരിക്കാൻ ധാരണയായി. പഞ്ചായത്തിൽ 32 വാർഡുകളിലും ബ്ലോക്ക് പഞ്ചായത്തിൽ മൂന്നു ഡിവിഷനുകളിലും ഒരു ജില്ല പഞ്ചായത്ത് ഡിവിഷനിലുമാണ് മത്സരിക്കാൻ ധാരണയായത്. പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.ചവറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ.ജയലക്ഷ്മിയാണ് ജില്ലാ പഞ്ചായത്ത് ചവറ ഡിവിഷനിൽ സ്ഥാനാർഥി. ബ്ലോക്ക് പഞ്ചായത്തിൽ ചവറ ഡിവിഷനിൽ എസ്.ലാലുവാണ് സ്ഥാനാർഥി. മുകുന്ദപുരം ഡിവിഷനിൽ നിന്നും ജയിച്ചു ചവറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായ സോഫിയ സലാം വീണ്ടും അതേ ഡിവിഷനിൽനിന്നും ജനവിധി തേടുന്നുണ്ട് .
തേവലക്കര ഡി വിഷനിൽ റിയാസ് ഖാനും മത്സരിക്കും. കഴിഞ്ഞ തവണ പഞ്ചായത്തിലെ 30 വാർഡുകളിൽ മത്സരിച്ച ആർഎസ്പി 19 സീറ്റു നേടി. ബ്ലോക്ക് പഞ്ചായത്തിൽ മത്സരിച്ച മൂന്നു സീറ്റിൽ രണ്ടിടത്തു വിജയം കണ്ടു . ജില്ലാ പഞ്ചായത്തിൽ ചവറ ഡിവിഷനും നേടി.
തേവലക്കര പഞ്ചായത്ത് നടുവിലക്കര വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിയിൽനിന്നും സീറ്റു പിടിച്ചെടുത്തു.ഇവിടെ ജി.പ്രദീപ്കുമാർ ആണ് വിജയിച്ചത്. ഇത്തവണ കൂടുതൽ പ്രശ്നങ്ങൾ ഇല്ലാതെ സീറ്റു വിഭജനം പൂർത്തിയാക്കാൻ കഴിഞ്ഞു.
എങ്കിലും മുസ്ലിം ലീഗിന് അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലായെന്നു പ്രവർത്തകരിൽ നിന്നും ആരോപണം ഉണ്ട്. പുതുതായി വന്ന അഞ്ചു വാർഡുകളിൽ രണ്ടെണ്ണം ആർഎസ്പി യും മൂന്നെണ്ണം കോൺഗ്രസും മത്സരിക്കും.