പ്രതീകാത്മക ചിത്രം
ചവറ: നീണ്ടകര താലൂക്കാശുപത്രിയിലെ താത്കാലിക നിയമനവുമായി ബന്ധപ്പെട്ട് ആശുപത്രി സൂപ്രണ്ടിനെ ചവറ ബ്ലോക്ക് ഭരണ സമതിയംഗങ്ങളില് ചിലര്‍ ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതി. ആശുപത്രിയിലെ താത്കാലിക നിയമനം നടത്താനുള്ള തീരുമാനം ബ്ലോക്ക് ഭരണ സമതിയെ അറിയിച്ചില്ലായെന്നാരോപിച്ചായിരുന്നു അംഗങ്ങളില്‍ ചിലര്‍ പ്രകോപനപരമായി പെരുമാറിയതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
ആശുപത്രിയിലെ നിലവിലെ എക്സ്റേ ടെക്നീഷ്യന് മറ്റൊരു ജോലി ലഭിച്ചത് കാരണം ആശുപത്രിയില്‍നിന്നു രാജിവെച്ചു പോയതിനാല്‍ എക്സറേ എടുക്കേണ്ട രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനായി മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ ജോലി ചെയ്തിരുന്ന ആളെ നിയമിക്കാനായി തിരുമാനിച്ചത് ബ്ലോക്ക് അംഗങ്ങളെ ചൊടിപ്പിക്കുകയായിരുന്നുവെന്ന് സൂപ്രണ്ട് പറയുന്നു. നിയമനം നടത്തിയെന്ന് തെറ്റിദ്ധരിച്ച് ഇന്നലെ ഉച്ചയോടെ ചില ജനപ്രതിനിധികള്‍ സൂപ്രണ്ടിന്റെ മുറിയല്‍ കയറി ബഹളം ഉണ്ടാക്കുകയായിരുന്നുവെന്നാണ് ആരോപണം.
എന്നാല്‍ സൂപ്രണ്ടിന്റെ മുറിയില്‍ സംഭവത്തിന്റെ നിജ സ്ഥിതി അറിയാനായി പോയതാണന്നും പ്രകോപനപരമായി ഒരു പ്രതികരണവും തങ്ങളുടെ ഭാഗത്ത്നിന്നും ഉണ്ടായിട്ടില്ലെന്നുമാണ് ചവറ ബ്ലോക്ക് ജനപ്രതിനിധികള്‍ പറയുന്നത്. ആശുപത്രിയിലെ കാര്യങ്ങള്‍ എച്ച്എം സിയുമായി ആലോചിക്കാതെ ആശുപത്രി അധികൃതര്‍ തന്നിഷ്ടത്തിന് ചെയ്യുന്നത് ചോദ്യം ചെയ്യുന്നതിന്റെ വിരോധത്തിലാണ് കള്ളക്കഥകള്‍ കെട്ടിച്ചമക്കുന്നതെന്നാണ് ബ്ലോക്ക് അധികൃതര്‍ നല്കുന്ന വിശദീകരണം.
സംഭവം അറിഞ്ഞ് ചവറ പൊലീസ് സ്ഥലത്തെത്തിയിരുന്നു. സൂപ്രണ്ടിനെ ആക്രമിച്ചു എന്നാരോപിച്ച് ഇന്ന് 10.30 മുതല്‍ 11-വരെ ആശുപത്രി ജീവനക്കാര്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
Tags : Nattuvishesham Local News Block members hospital superintendent