വൈപ്പിൻ: മത്സ്യബന്ധന വ്യവസായത്തെ സംരക്ഷിക്കാൻ കേരള മറൈൻ ഫിഷിംഗ് റെഗുലേഷൻ ആക്ട് പരിഷ്കരണവും ഡീസൽ,പാചക വാതക സബ്സിഡിയുൾപ്പെടെയുള്ള പാക്കേജ് പ്രഖ്യാപിക്കണമെന്ന് മത്സ്യബന്ധന മേഖലയിലെ വിവിധ സംഘടനകളും ബോട്ടുടമാസംഘടനകളും സർക്കാരിനോട് ആവശ്യപ്പെട്ടു.
രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്നതും അനുബന്ധ മേഖല ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്നതുമായ വ്യവസായം തകർച്ച നേരിടുകയാണ്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഡീസലിന്റെയും വാണിജ്യ പാചക വാതകത്തിന്റെയും വിലവർധന ക്രമാതീതമായി ഉയർന്നതോടെ വ്യവസായം വൻ ഭീഷണിയിലാണ്. മത്സ്യബന്ധനത്തിന്റെ പ്രതിദിന ചെലവ് കിട്ടുന്ന മത്സ്യത്തിൽ നിന്നുള്ള വരുമാനവും വച്ചുനോക്കുമ്പോൾ നഷ്ടമാണ്. ഈ സാഹചര്യത്തിലാണ് വ്യവസായത്തിന്റെ നിലനിൽപ്പിനു വേണ്ടി ഡീസലിനും പാചകവാതകത്തിനും സബ്സിഡി അനുവദിക്കണമെന്ന് ബോട്ടുടമാ സംഘങ്ങൾ ആവശ്യപ്പെടുന്നത്.
അയൽ സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ സബ്സിഡികൾ നൽകുന്നത് മാതൃകയാക്കണം. മാത്രമല്ല ബൈക്യാച്ചിംഗിൽ 40 ശതമാനത്തിൽ കൂടുതൽ ചെറു മത്സ്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ബോട്ടുകൾക്കെതിരെ ചെറു മത്സ്യബന്ധനത്തിന് നിയമനടപടികൾ സ്വീകരിക്കാൻ പാടുള്ളു. ഇക്കാര്യം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ചർച്ചചെയ്ത് തീരുമാനമായതാണ്. ഇത് പുതിയ സർക്കാർ നടപ്പിലാക്കണം.
ദിവസങ്ങളോളം കടലിൽ കിടന്ന് പണിയെടുത്ത് തീരത്തടുക്കുന്ന മത്സ്യബന്ധന ബോട്ടുകളെ പിടികൂടി അനാവശ്യമായി വൻ പിഴച്ചുമത്തുന്ന നടപടി അവസാനിപ്പിക്കണമെന്ന് മുനമ്പം ബോട്ട് ഓണേഴ്സ് ആൻഡ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.ബി. രാജീവ്, മുനമ്പം ട്രോൾ നെറ്റ് ബോട്ട് ഓണേഴ്സ് ഓർഗനൈസേഷൻ സെക്രട്ടറി പി.പി. ഗിരീഷ് എന്നിവർ ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Ernakulam