കടുത്തുരുത്തി: വി.ഡി. സതീശൻ സര്‍ക്കാരിന്റെ കന്നി ബജറ്റ് അഭിമാനകരമെന്ന് മന്ത്രി മോന്‍സ് ജോസഫ്. സാമ്പത്തിക തകര്‍ച്ചയിലുള്ള കേരളത്തെ കൈ പിടിച്ചു ഉയര്‍ത്തുന്ന പദ്ധതികളാണ് ബജറ്റിലുള്ളത്. അടിസ്ഥാന സൗകര്യവികസനം കൂടുതല്‍ കാര്യക്ഷമതയോടെ തിരിച്ചു കൊണ്ടുവരാനുതകുന്ന പദ്ധതികളാണ് ബജറ്റിലുള്ളത്. റബറിന്റെ താങ്ങുവില 250 ആയി ഉയര്‍ത്തിയത് കര്‍ഷകര്‍ക്ക് നല്കിയ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കലാണ്. കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്കുന്ന പദ്ധതികളാണുള്ളത്.
കടുത്തുരുത്തി മണ്ഡലത്തിന് മുന്തിയ പരിഗണനയാണ് ഇത്തവണത്തെ ബജറ്റില്‍ ലഭിച്ചത്.
ആപ്പാഞ്ചിറയിലുള്ള ഗവ. പോളിടെക്നിക്കിന്റെ സമഗ്ര വികസനത്തിന് 10 കോടി രൂപ അനുവദിച്ചു. കേന്ദ്രീയ വിദ്യാലയം പോളിടെക്നിക് വളപ്പിൽ ആരംഭിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുന്നതിനുള്ള പദ്ധതിക്ക് ബജറ്റ് അനുമതി നല്കി.
സ്വന്തമായി കെട്ടിടം പണിയാനുള്ള പദ്ധതിക്കുള്ള അനുമതി വരുന്നതോടെ കേന്ദ്രീയ വിദ്യാലയം കടുത്തുരുത്തിയില്തന്നെ നിലനിര്‍ത്താനാകും. കുറവിലങ്ങാട് കേന്ദ്രമായി പുതിയ അഗ്നിരക്ഷാനിലയത്തിന് കെട്ടിടം നിര്മിക്കുന്നതിനുള്പ്പെടെ അഞ്ച് കോടി അനുവദിച്ചു. ഇതിനായി ഒരു കോടി രൂപ ബജറ്റ് പ്രൊവിഷനില്‍ ഉള്‍പെടുത്തി. കടുത്തുരുത്തി ഫയര്‍ സ്റ്റേഷന് കെട്ടിട നിര്‍മാണത്തിനും അഞ്ചു കോടി അനുവദിച്ചു. ഒരു കോടി ബജറ്റ് പ്രൊവിഷനില്‍ ഉള്‍പ്പെടുത്തി.
ആപ്പാഞ്ചിറ പോളിടെക്നിക് കെട്ടിട നിര്‍മാണം, സ്റ്റേഡിയം നിര്‍മാണം, വിവിധ സര്‍ക്കാര്‍ ഓഫീസുകളുടെ നിര്‍മാണം എന്നിവയ്ക്കായി രണ്ട് കോടി രൂപ ബജറ്റ് പ്രൊവിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറവിലങ്ങാട് താലൂക്ക് ആശുപത്രി കെട്ടിട നിര്‍മാണം, കടുത്തുരുത്തി ടൗണ്‍ വികസനം, കാണക്കാരി-വെമ്പള്ളി-കടപ്ലാമറ്റം റോഡില്‍ കല്ലോലിപാലം പുനർനിര്‍മാണം, കിടങ്ങൂര്‍ പഞ്ചായത്തിന് പുതിയ ആസ്ഥാന മന്ദിരം, സബ്രജിസ്ട്രാര്‍ ഓഫീസ് നിര്‍മാണം,
മുളക്കുളം പഞ്ചായത്തിന് പെരുവ ടൗണില്‍ പഞ്ചായത്ത് ഓഫീസ് മന്ദിരം നിര്‍മാണം, കീഴൂര്‍-ഞീഴൂര്‍ റോഡിന്റെ ടാറിംഗ് പൂര്‍ത്തീകരണം, പെരുവ-മോനിപ്പള്ളി-മുത്തോലപരം റോഡ് ഉന്നത നിലവാരത്തില്‍ നവീകരണം, കടുത്തുരുത്തിയില്‍ ഹൈക്കോടതി അനുമതി നല്കിയ മുന്‍സിഫ് മജിസ്ട്രേട്ട് കോടതി ആരംഭിക്കല്‍, ആപ്പാഞ്ചിറ പാലം പുനർനിര്‍മാണം, ആപ്പാഞ്ചിറ-കാന്താരിക്കടവ്-ആയാംകുടി-കല്ലറ റോഡിന്റെ വികസനം, കടപ്ലാമറ്റം പഞ്ചായത്തില്‍ വയലാ കേന്ദ്രമായി ആയുര്‍വേദ ആശുപത്രി കിടത്തി ചികിത്സാ പദ്ധതി, ഉഴവൂര്‍ കെ.ആര്. നാരായണന് സ്പെഷല്‍റ്റി ആശുപത്രിയുടെ അടിസ്ഥാന സൗകര്യവികസനം പൂര്‍ത്തിയാക്കാന്‍ സ്ഥലം വാങ്ങാനുള്ള പദ്ധതി, ഉഴവൂര്‍ മിനി സിവില്‍ സ്റ്റേഷന് കെട്ടിട നിര്‍മാണം, പാലാ -കോഴാ റോഡിലെ അപകട വളവുകള്‍ നിവര്‍ക്കൽ ഇവയ്ക്ക് അനുമതി ലഭിച്ചു.
നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനം മുന്നില്‍ കണ്ടുള്ള പല പദ്ധതികളും ഉള്‍പ്പെട്ടു. ജലസേചന വകുപ്പിനും അര്‍ഹമായ പരിഗണന ലഭിച്ചിട്ടുണ്ടെന്നും ഒട്ടനവധി പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു.
Tags : Local News Nattuvishesham Kottayam