നീണ്ടൂർ: പ്രാവട്ടം ജംഗ്ഷന് സമീപം സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിർമാണം നിലച്ച കെട്ടിടത്തിൽ വവ്വാലുകൾ ചേക്കേറിയതിനെ തുടർന്ന് ഉണ്ടായ ഗുരുതരമായ മാലിന്യ പ്രശ്നത്തിന് പഞ്ചായത്ത് ഇടപെട്ട് പരിഹാരമുണ്ടാക്കുന്നു. കെട്ടിടത്തിൽ വവ്വാലുകൾ ചേക്കേറി പെരുകിയതിനെ തുടർന്ന് സംജാതമായ ഗുരുതര സാഹചര്യം ദീപിക വാർത്തയാക്കിയതിനെ തുടർന്നാണ് പഞ്ചായത്തിന്റെ ഇടപെടൽ ഉണ്ടായത്.
കാലവർഷം ആരംഭിച്ചതിനെ തുടർന്ന് മാലിന്യ പ്രശ്നം രൂക്ഷമായിരുന്നു. ദീപിക വാർത്ത നൽകിയതോടെ പ്രശ്നത്തിന് ഉടൻ പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനകളും നാട്ടുകാരും രംഗത്തു വന്നു.
തുടർന്ന് നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും യോഗം കഴിഞ്ഞ ദിവസം വിളിച്ചു ചേർത്തു. ശുചീകരണത്തിന്റെ ആദ്യപടിയായി മാലിന്യങ്ങൾ അണുവിമുക്തമാക്കുന്നതിനായി പഞ്ചായത്ത് ക്ലോറിനേഷൻ നടത്തി. മാലിന്യ പ്രശ്നം ഒഴിവാക്കുന്നതിനും വവ്വാലിന്റെ വാസം അവസാനിപ്പിക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കെട്ടിട ഉടമ നടത്താനും തീരുമാനമായിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് സവിതാ ജോമോൻ, അംഗങ്ങളായ സിജി രാജു, അന്നമ്മ സജി, ഷീബാ ഷാജി എന്നിവർ നേതൃത്വം നൽകി. വവ്വാലുകൾ ചേക്കേറിയതിനെ തുടർന്ന് കെട്ടിടത്തിന്റെ പരിസരത്ത് വലിയ ദുർഗന്ധം അനുഭവപ്പെട്ടിരുന്നു. മാലിന്യത്തിൽ നിന്ന് നിപ പോലുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുമെന്ന ഭയത്തിലായിരുന്നു സമീപവാസികളും നാട്ടുകാരും.
2019ൽ ഇത് സംബന്ധിച്ച പരാതിയുയർന്നതിനെ തുടർന്ന് കെട്ടിടം വെള്ളം വറ്റിച്ച് ശുചീകരിച്ചിരുന്നെങ്കിലും വീണ്ടും 2022ൽ പരാതി ഉയർന്നു. ശുചീകരണം നടത്തി പരിഹാരമുണ്ടാക്കാൻ തീരുമാനിച്ചെങ്കിലും ശ്വാശ്വതമായ പരിഹാരമായില്ല.
Tags : Local News Nattuvishesham Kottayam