തൊടുപുഴ: കനത്ത മഴയില്‍ തകര്‍ന്ന വണ്ണപ്പുറം-ചേലച്ചുവട് റോഡിലൂടെയുള്ള ബസ് സര്‍വീസ് ഇന്നലെമുതല്‍ പുനരാരംഭിച്ചു. കമ്പകക്കാനം ഭാഗത്ത് റോഡിന്റെ ഒരുഭാഗം ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇതുവഴി സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി-സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചത് മേഖലയിലെ യാത്രാദുരിതം വര്‍ധിപ്പിച്ചിരുന്നു.
റോയി കെ. പൗലോസ് എംഎല്‍എ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച് ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.
റോഡില്‍ രണ്ടിടത്തായി തകര്‍ന്ന വലിയ സംരക്ഷണഭിത്തികള്കൂടി അടിയന്തരമായി പുനര്നിര്മിച്ചെങ്കില് മാത്രമേ ഗതാഗതം പഴയ രീതിയില്‍ പുനരാരംഭിക്കാന്‍ കഴിയൂവെന്ന് എംഎല്‍എയോടൊപ്പം സ്ഥലം സന്ദര്‍ശിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്കര്‍, വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് അറയ്ക്കത്തോട്ടമടക്കമുള്ള ജനപ്രതിനിധികള്‍ എംഎല്‍എയോട് പറഞ്ഞു.
നിര്‍മാണ പ്രവൃത്തികള്‍ യുദ്ധകാലടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി ബസ് ഗതാഗതം പുനരാരംഭിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ കിഫ്ബി അധികൃതര്‍ക്കും ബന്ധപ്പെട്ട എന്‍ജിനിയര്‍മാര്‍ക്കും കരാറുകാര്‍ക്കും നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, പഞ്ചായത്തംഗങ്ങൾ, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.