തിരുവല്ല: പടിഞ്ഞാറൻ മേഖലയിൽ വെള്ളം ഒഴിഞ്ഞു തുടങ്ങി. നിരണം, നെടുന്പ്രം, കടപ്ര, പെരിങ്ങര പഞ്ചായത്തുകളിൽ വെള്ളക്കെട്ട് പൂർണമായി നീങ്ങിയിട്ടില്ലെങ്കിലും വീടുകളിൽ നിന്നു വെള്ളം ഒഴിഞ്ഞതോടെ ദുരിതാശ്വാസ ക്യാന്പുകളിലായിരുന്നവരിൽ ഏറെയും മടങ്ങിയെത്തി വീടുകൾ ശുചീകരിച്ചു തുടങ്ങി. ചില വീടുകളുടെ പരിസരങ്ങളിലും ഇപ്പോഴും രൂക്ഷമായ വെള്ളക്കെട്ടുണ്ട്. ഗ്രാമീണ റോഡുകളിലെ വെള്ളവും പൂർണമായി ഒഴിഞ്ഞിട്ടില്ല. വാഹനഗതാഗതവു തടസപ്പെട്ടിരിക്കുകയാണ്.
തിരുവല്ല താലൂക്കിൽ എൺപതോളം ദുരിതാശ്വാസ ക്യാന്പുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഇതിനിടെ ഇടവിട്ട് മഴ പെയ്യുന്നത് വെള്ളം ഇറങ്ങുന്നതിനു തടസമാകുന്നു. മഴ പലയിടങ്ങളിലും ശക്തമായി തുടരുന്നതിനാൽ ജലനിരപ്പ് താഴാനും മടിക്കുന്നു.
ഒരാഴ്ചയായി തുടരുന്ന മഴയും വെള്ളക്കെട്ടും ജനജീവിതം താറുമാറാക്കിയിരിക്കുകയാണ്. തിങ്കളാഴ്ചയോടെ സാധാരണ ജനജീവിതം ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു പ്രദേശവാസികൾ. എന്നാൽ വെള്ളക്കെട്ട് പൂർണമായി ഒഴിയാത്തതും കുടിവെള്ള ലഭ്യത ഉറപ്പാക്കാനാകാത്തതും പ്രതിസന്ധിക്കു കാരണമാണ്.
ഇതിനിടെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് സഹായങ്ങളെത്തുന്നുണ്ട്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള സംഘടനകളും തദ്ദേശ സ്ഥാപനങ്ങളും മുൻകൈയെടുത്ത് വിവിധ ക്യാന്പുകളിൽ ഭക്ഷണസാധനങ്ങളും അവശ്യവസ്തുക്കളും എത്തിച്ചുവരുന്നു. താലൂക്ക്തലത്തിൽ കളക്ഷൻ സെന്ററുകൾ തുറന്ന് ഇവ ക്യാന്പുകളിലേക്ക് എത്തിച്ചുവരികയാണ്.
Tags :