പത്തനംതിട്ട: കേരളത്തിന്റെ തനതു സംസ്കാരവും കലയും ദേശീയ, ആഗോള തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും ടൂറിസം മേഖലയ്ക്ക് കൂടുതൽ കരുത്തേകുന്നതിനുമായി അടുത്തവർഷം ഡൽഹിയിലെ യമുനാ നദിയിലും വള്ളംകളി മത്സരം സംഘടിപ്പിക്കുന്നതിനുള്ള നിർദേശത്തിന് കേന്ദ്ര ടൂറിസം മന്ത്രി പിന്തുണ അറിയിച്ചു.
ഉത്രാടം തിരുനാൾ പമ്പാ ബോട്ട് റേസ് ക്ലബിന്റെ നേതൃത്വത്തിൽ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിന്റെ സഹകരണത്തോടെ ന്യൂഡൽഹിയിൽ സംഘടിപ്പിച്ച കേരള സോഷ്യോ കൾച്ചറൽ ഈവനിംഗ് 2026 പരിപാടിയിലാണ് കേന്ദ്ര ടൂറിസം - സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശേഖാവത്ത് വള്ളംകളി നടത്താനുള്ള നിർദേശത്തെ പിന്തുണച്ചു.
പമ്പാ ബോട്ട് റേസ് ക്ലബ് വർക്കിംഗ് പ്രസിഡന്റ് വിക്ടർ ടി. തോമസ് അധ്യക്ഷത വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടൂറിസം വികസന ദർശനവുമായി ചേർന്ന് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന ആശയത്തിൽ ആഗോള ടൂറിസം ഭൂപടത്തിൽ കൂടുതൽ ശക്തമായി അവതരിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി ഗജേന്ദ്ര സിംഗ് ശേഖാവത്ത് പറഞ്ഞു.
68-ാമത് കെ. സി. മാമ്മൻ മാപ്പിള ട്രോഫി ഉത്രാടം തിരുനാൾ പമ്പാ ജലമേള കൂടുതൽ വിപുലമായ രീതിയിൽ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഈ പാരമ്പര്യത്തെ ദേശീയതലത്തിൽ കൂടുതൽ ശ്രദ്ധേയമാക്കുന്നതിന്റെയും കേരളത്തിന്റെ ജലടൂറിസം സാധ്യതകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിന്റെ യും ഭാഗമായാണ് യമുനയിലെ വള്ളംകളി എന്ന ആശയം മുന്നോട്ടുവച്ചിരിക്കുന്നത്.
കുട്ടനാടിന്റെയും അപ്പർ കുട്ടനാടിന്റെയും പ്രകൃതി സൗന്ദര്യം, പമ്പാ നദിയും അനുബന്ധ ജലാശയങ്ങളും, കായൽ ടൂറിസം, പരമ്പരാഗത കൃഷിരീതികൾ, നെൽപ്പാടങ്ങൾ, ഗ്രാമീണ ജീവിതം, വള്ളംകളി, വഞ്ചിപ്പാട്ട്, കേരളീയ ഭക്ഷണസംസ്കാരം, പരമ്പരാഗത കലാരൂപങ്ങൾ എന്നിവയെ പരസ്പരം ബന്ധിപ്പിച്ച് ഒരു സമഗ്ര ടൂറിസം സർക്യൂട്ട് രൂപപ്പെടുത്താനുള്ള സാധ്യതയാണ് പദ്ധതിയിലൂടെ മുന്നോട്ടുവയ്ക്കുന്നത്.
കുട്ടനാടിന്റെയും അപ്പർ കുട്ടനാടിന്റെയും ടൂറിസം സാധ്യതകളെ വള്ളംകളിയുമായി ബന്ധിപ്പിച്ച് ദേശീയ-അന്തർദേശീയ തലത്തിൽ അവതരിപ്പിക്കുന്നതിനുള്ള വിശദമായ പദ്ധതി രൂപരേഖ പമ്പാ ബോട്ട് റേസ് ക്ലബ് വർക്കിംഗ് പ്രസിഡന്റ് വിക്ടർ ടി. തോമസ് കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശേഖാവത്തിന് കൈമാറി.
മാർത്തോമ്മാ സഭ ഡൽഹി ഭദ്രാസനാധിപൻ ഡോ. സക്കറിയ മാർ അപരേം എപ്പിസ്കോപ്പ, വികാരി ജനറാൾ റവ. ഡാനിയേൽ തോമസ്, ഫാ. റോയി കണ്ണഞ്ചിറ, എംപിമാരായ ആന്റോ ആന്റണി, ജോസ് കെ. മാണി, ജെബി മേത്തർ,മുൻ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി, ഹാബിറ്റാറ്റ് ഇന്ത്യ ഡയറക്ടർ ഡോ:സുരേഷ്, മുൻ ഡൽഹി മേയർ, യമുനാ ക്ലീനിംഗ് പദ്ധതി ഡയറക്ടർ അശോകൻ, ടൂറിസം ഡയറക്ടർ ജനറൽ സുമൻ ബില്ല തുടങ്ങിയവർ പങ്കെടുത്തു.