പുരുഷവിഭാഗം ഓവറോൾ ചാമ്പ്യന്മാരായ സെന്റ് തോമസ് കോളജ് തൃശൂർ.
തൃശൂർ സെന്റ് തോമസ് കോളജ് ചാന്പ്യന്മാരായി
കുന്നംകുളം: കാലിക്കട്ട് സർവകലാശാല അത്ലറ്റിക് മീറ്റിലെ പുരുഷവിഭാഗത്തിൽ 89 പോയിന്റ് നേടി തൃശൂർ സെന്റ് തോമസ് കോളജ് ചാന്പ്യന്മാരായി. 56 പോയിന്റ് നേടിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജാണ് രണ്ടാംസ്ഥാനത്ത്. 16 പോയിന്റുമായി ദേവഗിരി സെന്റ് ജോസഫ് കോളജ് മൂന്നാമതെത്തി.
മൂന്നുദിവസമായി കുന്നംകുളത്തു നടന്ന മീറ്റിൽ വനിതാവിഭാഗത്തിലെ ജേതാക്കളുടെ ഫലപ്രഖ്യാപനത്തിൽ സാങ്കേതികപ്രശ്നങ്ങൾ ഉണ്ടായതിനാൽ വനിതാ ചാന്പ്യന്മാരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മുൻ ഇന്ത്യൻ ഫുട്ബോൾ താരവും കോച്ചുമായ വിക്ടർ മഞ്ഞില ജേതാക്കൾക്കു ട്രോഫികൾ വിതരണം ചെയ്തു.
കാലിക്കട്ട് യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ, യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ.കെ.പി. മനോജ്, ഫിസിക്കൽ എഡ്യുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ.ജി. ബിപിൻ, ബഥനി കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. ബെഞ്ചമിൻ, പ്രിൻസിപ്പൽ ഡോ.സി.എൽ. ജോഷി എന്നിവർ സമാപനചടങ്ങിൽ പങ്കെടുത്തു.
ഇതാദ്യമായാണ് കാലിക്കട്ട് സർവകലാശാല അത്ലറ്റിക് മീറ്റ് കുന്നംകുളത്തു നടക്കുന്നത്. കുന്നംകുളം ബഥനി കോളജിന്റെ നേതൃത്വത്തിലാണ് മീറ്റ് സംഘടിപ്പിച്ചത്.
സ്വന്തം റിക്കാർഡ് തിരുത്തിയെങ്കിലും
വെള്ളിയുമായി അക്ഷയ്
കുന്നംകുളം: സ്വന്തം പേരിലുള്ള റിക്കാർഡ് വീണ്ടും തിരുത്തിയെഴുതിയെങ്കിലും ഫൈബർ പോളിനുണ്ടായ വളവിൽ രണ്ടാംസ്ഥാനത്തേക്കു തള്ളപ്പെട്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ മൂന്നാംവർഷ ബിഎ ഇംഗ്ലീഷ് വിദ്യാർഥി എം. അക്ഷയ്.
പോൾവോൾട്ടിലാണ് 4.75 മീറ്റർ ചാടിക്കടന്ന താരം 4.55 മീറ്റർ എന്ന സ്വന്തം റിക്കാർഡ് തിരുത്തിയത്. എന്നാൽ, പോൾ ഒടിഞ്ഞതിനെത്തുടർന്ന് മംഗലാപുരത്തു നടക്കുന്ന ഓൾ ഇന്ത്യ മത്സരത്തിൽ എങ്ങനെ പങ്കെടുക്കുമെന്നറിയാതെ വിഷമിച്ചിരിക്കുകയാണ് അക്ഷയ്.
സാമ്പത്തിക പരാധീനതകൾക്കു നടുവിലും സ്വന്തമായി ഉണ്ടായിരുന്ന ഏക പോളാണ് ഒടിഞ്ഞത്. ഒന്നരലക്ഷത്തോളം വിലവരുന്ന ഫൈബർ പോൾ വാങ്ങാൻ സാന്പത്തികശേഷിയുമില്ല. ഇടപ്പിള്ളി സദ്ഗമയയിൽ മധു-ശ്രീവിദ്യ ദമ്പതികളുടെ മകനാണ്.
ക്രൈസ്റ്റിലെതന്നെ ആനന്ദ് മനോജാണ് ഒന്നാംസ്ഥാനം.
കുന്തമുനയിൽ വിജയംകോർത്ത്
അനീറ്റ സിബി
കുന്നംകുളം: ജാവലിൻ ത്രോയിൽ മിന്നുംപ്രകടനവുമായി (33.64 മീറ്റർ) ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ എംഎസ്ഡബ്ല്യു ഒന്നാംവർഷ വിദ്യാർഥി അനീറ്റ സിബി സ്വർണമെഡൽ സ്വന്തമാക്കി.
കോതമംഗലം സെന്റ് ജോർജ് സ്കൂളിൽ ഒന്പതാംക്ലാസിൽ പഠിക്കവെയാണ് ജാവലിന്റെ ലോകത്തേക്കുള്ള താരത്തിന്റെ കടന്നുവരവ്. ഇന്നലെ നേടിയ സ്വർണം ഉൾപ്പെടെ സർവകലാശാലാതലത്തിൽ രണ്ടു സ്വർണവും ഒരു വെള്ളിയും ഇതിനോടകം നേടിയ അനീറ്റ ഇത്തവണ ഹെപ്റ്റാത്തലണിൽ മൂന്നാംസ്ഥാനവും സ്വന്തമാക്കിയിട്ടുണ്ട്. തൊടുപുഴ ആനക്കല്ലിങ്കൽ വീട്ടിൽ സിബി - അന്നക്കുട്ടി ദമ്പതികളുടെ മകളാണ്. കോളജിലെ തന്നെ കോച്ചായ സേവിയറിനുകീഴിലായിരുന്നു പരിശീലനം.
വിട്ടുകൊടുക്കാൻ മനസില്ല;
ട്രിപ്പിൾസ്വർണവുമായി ഐറിൻ
കുന്നംകുളം: തുടർച്ചയായ രണ്ടാംവർഷവും ട്രിപ്പിൾ സ്വർണം സ്വന്തമാക്കി ഐറിൻ തോമസ്. പാലക്കാട് മേഴ്സി കോളജിലെ ബിഎ ഇക്കണോമിക്സ് വിദ്യാർഥിയായ ഐറിൻ, വനിതകളുടെ 800 മീറ്റർ, 1500 മീറ്റർ ഇനങ്ങളിലാണ് കഴിഞ്ഞവർഷത്തെ നേട്ടം ഇത്തവണയും ആവർത്തിച്ചത്. 4x400 മീറ്റർ റിലേയിലും സ്വർണംനേടിയ ടീമിൽ ഐറിൻ അംഗമായിരുന്നു.
വയനാട് ചിറക്കടവിൽ കർഷകനായ തോമസ് -സിനി ദമ്പതികളുടെ മകളാണ്. പാലക്കാട് സ്പോർട്സ് കൗൺസിലിലെ ശ്രീനാഥാണ് പരിശീലകൻ.