ഡിഎസ്യു തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർഥികൾക്കൊപ്പമുള്ള എസ്എഫ്ഐയുടെ ആഹ്ലാദ പ്രകടനം.
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ് സ്റ്റുഡന്റ്സ് യൂണിയൻ (ഡിഎസ്യു) തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും എസ്എഫ്ഐക്ക്. യുഡിഎസ്എഫ് വിട്ടുനിന്നതിനാൽ മത്സര ആവേശമില്ലാതെയായിരുന്നു ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള തെരഞ്ഞെടുപ്പ്.
ഇംഗ്ലീഷ് പഠന വിഭാഗം രണ്ടാം വർഷ വിദ്യാർഥി ടി.വിയ അമർദേവ് (ചെയർമാൻ),സ്റ്റാറ്റിസ്റ്റിക്സ് പഠന വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിനി പി. റിസ്വാന ഷെറിൻ (വൈസ് ചെയർമാൻ), ഫോക്ലോർ ഒന്നാം വർഷ വിദ്യാർഥി കെ. സബാഹ് തൻവീർ (സെക്രട്ടറി), ഹിന്ദി ഒന്നാംവർഷ വിദ്യാർഥി ജി. ഗോപിക (ജോയിന്റ് സെക്രട്ടറി), ഫിലോസഫി ഒന്നാം വർഷ വിദ്യാർഥി കെ.എൻ. നൗഫൽ, എംകോം രണ്ടാം വർഷ വിദ്യാർഥി പി.യു. റിജു കൃഷ്ണൻ (യുയുസിമാർ), പൊളിറ്റിക്കൽ സയൻസ് രണ്ടാം വർഷ വിദ്യാർഥി കെ.ജെ. ശ്രീകല (ഫൈൻ ആർട്സ് സെക്രട്ടറി), എംഎ കംപാരിറ്റീവ് ലിറ്ററേച്ചർ വിദ്യാർഥി കെ.ടി. ഹാത്തിഫ് (ജനറൽ ക്യാപ്റ്റൻ), മലയാളം ഒന്നാംവർഷ വിദ്യാർഥിനി ജെ. നയന (ചീഫ് സ്റ്റുഡന്റ് എഡിറ്റർ) ഉൾപ്പെടെ ഒന്പത് സീറ്റുകളിലേക്കും എസ്എഫ്ഐ സ്ഥാനാർഥികളാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഒക്ടോബർ 10 ലെ തെരഞ്ഞെടുപ്പ് നടപടികളിൽ ക്രമക്കേട് നടത്തിയ അധ്യാപകർക്കെതിരേ നടപടി സ്വീകരിച്ചില്ലെന്നും സംഘർഷത്തിന്റെ പേരിൽ യുഡിഎസ്എഫ് നേതാക്കളെയും പ്രവർത്തകരെയും മാത്രം പോലീസ് വേട്ടയാടുകയാണെന്ന് ആരോപിച്ചും യുഡിഎസ്എഫ് സ്ഥാനാർഥികൾ വിട്ടുനിന്നതിനാൽ എസ്എഫ്ഐക്ക് പുറമെ ഫ്രറ്റേണിറ്റി മാത്രമാണ് മത്സര രംഗത്തുണ്ടായിരുന്നത്.
യൂണിവേഴ്സിറ്റി കെമിസ്ട്രി പഠനവിഭാഗം അധ്യപകനായ റിട്ടേണിംഗ് ഓഫീസർ ഡോ. ഏബ്രഹാം ജോസഫാണ് തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചത്. വൈസ് ചാൻസലർ നിയോഗിച്ച തെരഞ്ഞെടുപ്പ് നിരീക്ഷകരും ഉണ്ടായിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള തെരഞ്ഞെടുപ്പായതിനാൽ നിരീക്ഷണ കാമറകൾ അടക്കമുള്ള സംവിധാനങ്ങൾ വോട്ടെടുപ്പ് കേന്ദ്രമായ ഇഎംഎസ് സെമിനാർ കോംപ്ലക്സിലും വോട്ടെണ്ണൽ കേന്ദ്രമായ സർവകലാശാല സെനറ്റ് ഹൗസിലും സജ്ജീകരിച്ചിരുന്നു.
Tags : Thenhipalam Local News Nattuvishesham