തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി കാന്പസ് ഹോസ്റ്റലിലും പരീക്ഷാഭവന് മുന്നിലും ഉണ്ടായ സംഘർഷത്തിൽ 38 എസ്എഫ്ഐ പ്രവർത്തകർക്കെതിരേ കേസെടുത്ത് തേഞ്ഞിപ്പലം പോലീസ്. യുഡിഎസ്എഫുകാരെ അക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് നടപടി.
കെഎസ്യു സംസ്ഥാന ട്രഷറർ കെ.കെ.ബി. ആദിലും എംഎസ്എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറന്പും കഴിഞ്ഞ ദിവസം രാത്രിയിൽ തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് നടത്തിയിരുന്നു. ഇതേത്തുടർന്നാണ് പോലീസ് കേസെടുക്കാൻ തയാറായത്.
ഡിഎസ്യു ചെയർമാൻ സീറ്റിൽ മത്സരിച്ച എസ്.ആർ. ഹരികൃഷ്ണ, യുയുസി സ്ഥാനാർഥിയായിരുന്ന അലൻ ജേക്കബ് എന്നീ കെഎസ്യു നേതാക്കളെ ചൊവ്വാഴ്ച വൈകുന്നേരം 6.45ന് യൂണിവേഴ്സിറ്റി പുരുഷ ഹോസ്റ്റലിലെത്തി ആക്രമിച്ച് പരുക്കേൽപ്പിച്ചുവെന്നതിന് ഡിഎസ്യു ചെയർമാൻ ടി.വി. അമർദേവ് അടക്കം 30 എസ്എഫ്ഐക്കാർക്ക് എതിരേയാണ് കേസെടുത്തിട്ടുള്ളത്.
കെഎസ്യു പ്രവർത്തകൻ ടി.പി. നിഹാലിനെ തിങ്കളാഴ്ച വൈകുന്നേരം പരീക്ഷാ ഭവൻ പരിസരത്ത് ആക്രമിച്ചുവെന്ന കേസിൽ എസ്എഫ്ഐ കാന്പസ് സെക്രട്ടറി കെ.ജെ. ഹരിരാമൻ അടക്കം എട്ട് എസ്എഫ്ഐക്കാർക്ക് എതിരേയും കേസെടുത്തിട്ടുണ്ട്.