കാർ വന്ന് പോസ്റ്റിൽ ഇടിക്കുന്നു.
പേരാമ്പ്ര: നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ചു. സെക്യൂരിറ്റി ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. തിരുവോണ ദിനത്തിൽ കുറ്റ്യാടി - പേരാമ്പ്ര സംസ്ഥാന പാതയിൽ കടിയങ്ങാട് രണ്ടേ ആറിൽ വൈകീട്ട് അഞ്ചരയോടു കൂടിയാണ് അപകടം ഉണ്ടായത്. കുറ്റ്യാടിയിൽ നിന്ന് പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിൽ ഇടിച്ചത്.
പോസ്റ്റിനു സമീപം കസേരയിൽ ഇരിക്കുകയായിരുന്ന സമീപത്തെ റെസ്റ്ററന്റിലെ സെക്യൂരിറ്റി ജീവനക്കാരൻ രവീന്ദ്രന് തൊട്ടടുത്തു വരെ കാർ എത്തി പോസ്റ്റിൽ ഇടിച്ച ശേഷം റോഡിലേക്ക് പാഞ്ഞു കയറി നിൽക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് രണ്ടായി മുറിഞ്ഞു. തലനാരിഴക്കാണ് രവീന്ദ്രൻ വലിയ അപകടത്തിൽ നിന്ന് രക്ഷപെട്ടത്. കാർ വൈദ്യുതി തൂണിലിടിച്ചതിന്റെ ആഘാതത്തിൽ അദ്ദേഹം കസേരയിൽ നിന്ന് ഉയർന്ന് പിന്നിലോട്ട് മറിഞ്ഞു വീണു.
വീഴ്ചയിൽ നിസാര പരിക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഓണം കഴിഞ്ഞ് കട ഇന്നലെ തുറന്നതോടെയാണ് ലഭ്യമായത്.