കൊച്ചി: ഭൂട്ടാന് കാര്‍ കള്ളക്കടത്തുകേസില്‍ താരങ്ങളെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). സംസ്ഥാനത്തെ 17 ഇടങ്ങളിലായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഇഡി അന്വേഷണം. വ്യാജരേഖകള്‍ വഴി കാര്‍ ഇറക്കുമതി ചെയ്തെന്നു കണ്ടെത്തിയ നടന് അമിത് ചക്കാലയ്ക്കല്‍ അടക്കമുള്ളവര്‍ക്ക് അന്വേഷണസംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. നടന് ദുല്‍ഖറിനെയും നോട്ടീസ് നല്കി വിളിപ്പിക്കും. താരങ്ങളുടെ വീടുകളിലെ റെയ്ഡിനു പിന്നാലെയാണ് നടപടി.
വ്യാജരേഖകളുണ്ടാക്കി ഇന്ത്യയിലേക്കു വാഹനമെത്തിച്ച ഇടനിലക്കാര്‍, കച്ചവടക്കാര്‍, വാഹനം വാങ്ങിയവര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഭൂട്ടാന് കാര്‍ കള്ളക്കടത്തിലെ കളളപ്പണ ഇടപാടാണ് ഇഡി പരിശോധിക്കുന്നത്.
ദുല്‍ഖര്‍ സല്മാന്, അമിത് ചക്കാലയ്ക്കല്‍ എന്നിവരുടെ വീടുകളിലും കാര്‍ ഡീലര്‍മാരുടെ ഓഫീസ്, ദുല്‍ഖറിന്റെ നിര്‍മാണ കമ്പനിയായ വേഫെറര്‍ ഫിലിംസ് എന്നിവിടങ്ങളിലും ഒരേസമയം ഇഡി പരിശോധന നടത്തുകയും രേഖകള്‍ പിടിച്ചെടുക്കുകയുമുണ്ടായി. ഭൂട്ടാന് വാഹനക്കടത്തില്‍ ‘ഓപ്പറേഷന് നുംഖൂര്‍’ എന്നപേരില്‍ കസ്റ്റംസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇഡി അന്വേഷണം ആരംഭിച്ചത്.