ചങ്ങനാശേരി: ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ രാത്രികാല അത്യാഹിത വിഭാഗത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന ആവശ്യം ഉയരുന്നു. ഇപ്പോള്‍ രാത്രി എട്ടുമുതല്‍ രാവിലെ എട്ടുവരെ ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. അറുപതിനും 150നുമിടയില്‍ രോഗികള്‍ അത്യാഹിതവിഭാഗത്തില്‍ എത്താറുണ്ട്.
പോലീസ് കേസില്‍പ്പെട്ടവരുടെ പരിശോധന, അപകടത്തില്‍പ്പെട്ടവര്‍ തുടങ്ങിയവരുംകൂടി എത്തുമ്പോള്‍ ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ ഇവരെയും അത്യാവശ്യമായി പരിശോധിച്ച് മരുന്നുനല്കേണ്ടി യും ജില്ലാ, മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യേണ്ടിയും വരും. നെഞ്ചുവേദന തുടങ്ങിയ അസുഖങ്ങളുമായെത്തുന്നവര്ക്കും ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
ഈ സമയമത്രയും മരുന്നിനെത്തിയ രോഗികള്‍ ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നത് തര്‍ക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. പനി, ശ്വാസംമുട്ടല്‍, തലവേദന, വയറുവേദന, വയറിളക്കം തുടങ്ങിയ രോഗങ്ങളുമായാണ് രോഗികള്‍ സാധാരണയായി അത്യാഹിത വിഭാഗത്തില്‍ എത്തുന്നത്. ഇവര്‍ ഡോക്ടറുടെ സേവനത്തിനായി ദീര്‍ഘനേരം കാത്തിരിക്കുന്നത് ഏറെ ദുരിതമാണ്.
ഈ വിഭാഗത്തില്‍ അഞ്ചു ഡോക്ടര്‍മാരാണുള്ളത്. മൂന്ന് ഷിഫ്റ്റില്‍ രണ്ട് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിന് അഞ്ചു ഡോക്ടര്‍മാരെക്കൂടി അനുവദിച്ചാല്‍ പ്രതിസന്ധിക്ക് കുറച്ച് പരിഹാരമാകും.
അസ്ഥിരോഗവിഭാഗത്തില്‍ ഒരു ഡോക്ടര്‍ മാത്രം
ജനറല്‍ ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തില്‍ രണ്ട് ഡോക്ടര്‍മാരുടെ തസ്തികയാണുള്ളതെങ്കിലും ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. ഈ വിഭാഗത്തില്‍ മൂന്നു ഡോക്ടര്‍മാരെ നിയമിക്കണമെന്നാണ് നിര്‍ദേശം ഉയരുന്നത്. ഗൈനക്കോളജി വിഭാഗത്തില്‍ മൂന്നു ഡോക്ടര്‍മാരുടെ തസ്തികയുണ്ടെങ്കിലും രണ്ടു പേര് മാത്രമാണുള്ളത്. ഡെര്‍മെറ്റോളജി വിഭാഗത്തിലും രണ്ട് ഡോക്ടര്‍മാരുടെ തസ്തികയുണ്ടെങ്കിലും ഓരാള് മാത്രമേയുള്ളൂ.
ശീതീകരിച്ച മോര്ച്ചറിയുണ്ടെങ്കിലും ഫോറന്‍സിക് വിദഗ്ധന്റെ സേവനം ലഭ്യമാക്കിയിട്ടില്ല. ആശുപത്രി സൂപ്രണ്ടാണ് പോസ്റ്റു മാര്‍ട്ടം ജോലികള്‍ ചെയ്തുവരുന്നത്. ഈ ആശുപത്രിയില്‍ ഫോറന്‍സിക് വിദഗ്ധനെ നിയമിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ജീവിതശൈലി രോഗികളെ പരിശോധിച്ച് മരുന്നു നല്‍കുന്നതിനായി എന്എച്ച്എമ്മിൽനിന്നുള്ള ഒരു ഡോക്ടറുടെ സേവനം ഈ ആശുപത്രിയില്‍നിന്ന് ലഭ്യമായിരുന്നു. ഈ ഡോക്ടറെ സ്ഥലം മാറ്റിയതുമൂലം ഈ വിഭാഗത്തിലെത്തുന്ന നിരവധിയായ രോഗികള്‍ക്ക് സേവനം ലഭ്യമാകുന്നില്ലെന്നു പരാതിയുണ്ട്.
ആശുപത്രിയിലെ എക്സ്റേ യൂണിറ്റ് രാവിലെ എട്ടുമുതല്‍ വൈകുന്നേരം ആറുവരയെ പ്രവര്‍ത്തിക്കുന്നുള്ളൂ. രണ്ട് എക്സ്റേ ടെക്നിഷന്മാരെക്കൂടി നിയമിച്ചാല്‍ ഈ വിഭാഗത്തിന്റെ സേവനം 24 മണിക്കൂറാക്കാന്‍ കഴിയും. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി വിളിച്ചുചേര്‍ത്ത് പ്രതിസന്ധികള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്ന ആവശ്യവും ശക്തമാണ്.
Tags : Local News Nattuvishesham Kottayam