നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനു പിന്നിൽ വനിതാ ഘടക പദ്ധതിയായ 'സമൃദ്ധി'യിൽ ഉൾപ്പെടുത്തി വാങ്ങിയ വനിതകൾക്കായുള്ള വാഹനങ്ങൾ ഒതുക്കി ഇ
നെടുമങ്ങാട്: വനിതാ വികസന പദ്ധതിയുടെ ഭാഗമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സമൃദ്ധി പദ്ധതി പ്രകാരം വാങ്ങിയ നാലിൽപരം വാഹനങ്ങൾ ഗുണഭോക്താക്കൾക്ക് കൈമാറാതെ ബ്ലോക്ക് പഞ്ചായത്തിന്റെ പിന്നാമ്പുറത്ത്, ഉപയോഗ ശൂന്യമായി നശിക്കുന്നു.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്തുതന്നെ ഇതോടൊപ്പം ഹരിത കർമ സേനയ്ക്ക് വാങ്ങിയ വാഹനങ്ങളും ഉപയോഗിക്കാതെ തുരുമ്പിച്ച നാശത്തിന്റെ വക്കിലാണ്. കഴിഞ്ഞ ഭരണസമിതി വനിതകളുടെ ഉന്നമനം ലക്ഷ്യമാക്കി സമൃദ്ധി എന്ന പേരിൽ പദ്ധതി രൂപീകരിച്ചാണ് ലക്ഷങ്ങൾ ചെലവാക്കി വാഹനങ്ങൾ വാങ്ങി കൂട്ടിയത്. അർഹരായ പലരേയും ഒഴിവാക്കി, ബ്ലോക്ക് ഭരണസമിതിക്ക് ഇഷ്ടപ്പെട്ടവരെ മാത്രം തെരഞ്ഞെടുക്കുന്നതായി അന്നുമുതൽക്കേ വിമർശനം ഉയർന്നിരുന്നു.
ബ്ലോക്ക് പഞ്ചായത്തിന്റെ കാന്റീനിനു സമീപം ആർക്കും ഉപയോഗമില്ലാതെ കിടക്കുന്ന ഓട്ടോകൾ അർഹരായവരെ കണ്ടെത്തി നൽകുന്നതിനു നടപടി സ്വീകരിക്കണമെന്നതാണ് ബ്ലോക്ക് പഞ്ചായത്തിലെ വനിത മെമ്പർമാർ ഉൾപ്പെടെയുള്ളവരുടെ നിലവിലെ ആവശ്യം.
ഇതോടൊപ്പംതന്നെ നിരവധി പദ്ധതികൾക്കായി വാങ്ങിക്കൂട്ടിയതും കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽനിന്ന് തുക ലഭ്യമാക്കി വാങ്ങിയ കാർഷിക ഉപകരണങ്ങളും നിലം ഉഴുന്നതിനുള്ള ടില്ലർ ഉൾപ്പെടെയുള്ളവയും ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനു ചുറ്റും ഉപയോഗിക്കാതെ നശിക്കുകയാണ്.
അടിയന്തിരമായി ഇവ ഗുണഭോക്തൃ സമിതികളെയോ, ഉപഭോക്താക്കളെയോ കണ്ടെത്തി നൽകുന്നതിനു നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.