അരുവിക്കര ശിവ പാർക്ക് കാടുകയറി നശിച്ചനിലയിൽ.
നെടുമങ്ങാട്: അരുവിക്കര ഡാം സൈറ്റിലെ ശിവ പാർക്ക് കാട് കയറി നശിക്കുന്നു. അരുവിക്കരയിൽ എത്തുന്ന കുടുംബങ്ങൾക്ക് ഉല്ലാസകരമായ അന്തരീക്ഷം നൽകിയിരുന്ന പാർക്കാണ് നാഥനില്ല കളരിയായി നശിച്ചുകൊണ്ടിരിക്കുന്നത്.
2016-ൽ എംപി സമ്പത്തിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും15ലക്ഷം രൂപ വിനിയോഗിച്ചു കളിക്കോപ്പുകൾ സ്ഥാപിച്ചു പാർക്ക് നവീകരിച്ചിരിന്നു .വാട്ടർ അഥോറിറ്റിക്കാണ് പാർക്കിന്റെ സംരക്ഷണ ചുമതല ഉണ്ടായിരുന്നത്.
ഗ്രാമപഞ്ചായത്തും ഈ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തിയിരുന്നു. പാർക്ക് നിയന്ത്രിക്കാൻ ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ഉണ്ടായിരിന്നു. എന്നാൽ പിന്നീട് പാർക്കിന്റെ സംരക്ഷണം സംബന്ധിച്ച് പഞ്ചായത്തും വാട്ടർ അഥോറിറ്റിയും കൊമ്പ് കോർത്തു.നിലവിൽ പാർക്ക് നാഥനില്ല കളരിയാണ്. പാർക്ക് പൂർണമായി കാടു കയറിയ നിലയിലാണ് . ഇഴ ജന്തുക്കളും തെരുവ് നായ്ക്കളും ഇവിടെ വിഹരിക്കുന്നു. ലക്ഷങ്ങൾ ചെലവഴിച്ചു സ്ഥാപിച്ച കളികോപ്പുകളും തുരുമ്പെടുത്തു നശിച്ചു.
പാർക്കിനുള്ളിൽ സ്ലാബുകൾ ഇളകി നടപ്പാത തകർന്നു. പാർക്കിനു നടുവിൽ വൈദ്യുതി മെയിൻ സ്വിച്ച് ബോർഡ് തുറന്നനിലയിൽ ഒരു സുരക്ഷിതത്വവും ഇല്ലാതെ നില നിൽക്കുന്നു. ഇവിടെ വരുന്നവർക്ക് വൈദ്യുതാഘാതം ഏൽക്കാനും സാധ്യത ഏറെയാണ്. ഇവിടെ വന്നു പോകുന്നവരുടെ എണ്ണം അനുദിനം കുറഞ്ഞു വരികയാണ്. വരുന്നവർക്ക് യാതൊരു സുരക്ഷിതത്വവും നിലവിലില്ല.
സാമൂഹ്യവിരുദ്ധരും മദ്യപന്മാരും ചിലപ്പോഴൊക്കെ ഇവിടെ തമ്പടിക്കാറുണ്ട്. പഞ്ചായത്ത് മുൻകൈ എടുത്തു പാർക്ക് നവീകരിച്ചു പാർക്കിന്റെ സംരക്ഷണം വാട്ടർ അഥോറിറ്റിയെ ഏൽപ്പിച്ചു നഷ്ട പ്രതാപം തിരിച്ചെടുത്താൽ അത് ഇവിടെ വരുന്നവർക്ക് ഗുണകരമാകും.
Tags : Local News Nattuvishesham Thiruvananthapuram