ഇടുക്കി: കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ചിന്നക്കനാലില്‍ ഉണ്ടായ കാട്ടാന ആക്രമണത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് മൂന്നാര്‍ ഡിഎഫ്ഒയ്ക്ക് നിര്‍ദേശം നല്കി. കാട്ടാനകള്‍ക്കു സുഗമമായി കടന്നുപോകാനുള്ള ആനത്താരകള്‍ ഇല്ലാത്തതാണോ ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് കണ്ടെത്തണം. ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ സ്വീകരിച്ച മാര്‍ഗങ്ങളുടെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണം.
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാരിയുടെ അനന്തരാവകാശികളുടെ വിശദവിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാകണം. കുടുംബത്തിന് നിയമപ്രകാരം നല്കിയ നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് മൂന്ന് ആഴ്ചയ്ക്കകം കമ്മീഷനില്‍ സമര്‍പ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
മക്കളെ സ്കൂള്‍ബസില്‍ കയറ്റിവിടാന്‍ പോയപ്പോഴാണ് യുവതിയെ കാട്ടാന ചവിട്ടിക്കൊന്നത്. ഒരു വര്‍ഷം മുമ്പ് യുവതിയുടെ ഭര്‍ത്താവ് രോഗബാധിതനായി മരിച്ചു. ഇതോടെ പതിനഞ്ചും പതിനൊന്നും വയസുള്ള രണ്ടു കുട്ടികള്‍ അനാഥരായി.
അച്ഛനും അമ്മയും മരിച്ച സാഹചര്യത്തില്‍ മക്കള്‍ക്ക് നഷ്ടപരിഹാരം എങ്ങനെയാണ് നല്‍കുന്നത് എന്നതിന്റെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടാവണം. കുട്ടികളെ പട്ടികവര്‍ഗ വികസന വകുപ്പിന്റെയോ മറ്റേതെങ്കിലും എയ്ഡഡ് ബോര്‍ഡിംഗ് സ്കൂളിലോ ചേര്‍ത്തോ എന്ന് ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ വിലയിരുത്തണം.
ഡിഎഫ്ഒ, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ എന്നിവരുടെ സേവനം ഇക്കാര്യത്തില്‍ ജില്ലാ കളക്ടര്‍ക്ക് തേടാം. കുട്ടികള്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന നഷ്ടപരിഹാരം ആരും ദുരുപയോഗം ചെയ്യാതിരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ ജില്ലാ കളക്ടര്‍ മൂന്നാഴ്ചക്കകം കമ്മീഷനെ അറിയിക്കണം.
ജില്ലാ കളക്ടറുടെ പ്രതിനിധി, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്നിവര്‍ ജൂലൈ 15ന് ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് തൊടുപുഴ റസ്റ്റ് ഹൗസില്‍ നടത്തുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരായി വസ്തുതകള്‍ കമ്മീഷനെ ധരിപ്പിക്കണം. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കമ്മീഷന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
Tags : Nattuvishesham Local News Chinnakanal cattle attack Human Rights Commission