കോഴിക്കോട്: ആദ്യ ഭാര്യ മരിക്കുകയും രണ്ടാം ഭാര്യയുമായുള്ള വിവാഹബന്ധം വേർപെടുത്തുകയും ചെയ്തതിനെ തുടർന്ന് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികനെ സഹോദരി പുത്രനും സഹോദരിമാരും ചേർന്ന് കബളിപ്പിച്ച് സ്വത്തുക്കൾ തട്ടിയെടുത്തെന്ന പരാതി മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് അന്വേഷിക്കും.
ജൂലൈ 23 ന് കോഴിക്കോട് പിഡബ്ല്യുഡി റസ്റ്റ്ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ എതിർകക്ഷികളായ ബന്ധുക്കൾ നേരിട്ട് ഹാജരാകണമെന്ന് ജുഡീഷൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകി.
പരാതിക്കാരനായ കടലുണ്ടി സ്വദേശി പി. വിജയൻ രോഗാതുരനായി കോഴിക്കോട് മെഡിക്കൽ കോളജിലും പിന്നീട് കെഎംസിടി ആശുപത്രിയിലും ചികിത്സയിലിരിക്കെയാണ് ചികിത്സാ ചെലവിന്റെ പേരുപറഞ്ഞ് എതിർകക്ഷികൾ 60 സെന്റ് സ്ഥലം തട്ടിയെടുത്തതെന്ന് പരാതിയിൽ പറയുന്നു. സ്വത്തുക്കൾ വിറ്റതോടെ ദൈനംദിന ചെലവുകൾ താങ്ങാനാകാതെ താൻ ബുദ്ധിമുട്ടുകയാണെന്ന് പരാതിക്കാരൻ പറഞ്ഞു.