മുണ്ടക്കയം: മുണ്ടക്കയം-എരുമേലി സംസ്ഥാന പാതയിൽ നിയന്ത്രണമില്ലാതെ പായുന്ന റെഡിമിക്സ് കോൺക്രീറ്റ് വാഹനങ്ങൾ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. ദൂരെയുള്ള നിർമാണ സൈറ്റുകളിലേക്ക് നിശ്ചിത സമയത്തിനുള്ളിൽ എത്തുന്നതിനായി അമിതവേഗതയിൽ വാഹനങ്ങൾ പായുമ്പോൾ കൊടുംവളവുകളിലും ഇറക്കങ്ങളിലും വാഹനത്തിന്റെ ടാങ്കുകളിൽനിന്ന് കോൺക്രീറ്റ് മിശ്രിതം നിരന്തരമായി റോഡിലേക്ക് തെറിച്ചുവീഴുകയാണ്.
ഏറ്റവും അപകടം നിറഞ്ഞ കണ്ണിമല വളവ്, അമരാവതി വളവുകൾ എന്നിവിടങ്ങളിലാണ് ഈ ദുരവസ്ഥ രൂക്ഷമായിരിക്കുന്നത്. വളവുകളോടു ചേർന്ന കുത്തിറക്കങ്ങളിൽ ഇത്തരത്തിൽ വീഴുന്ന മെറ്റലിൽ കയറി ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിട്ടു മറിയുന്നത് പതിവുകാഴ്ചയായി മാറിയിരിക്കുന്നു. കൂടാതെ, റോഡിൽ വീഴുന്ന മിശ്രിതം കൃത്യസമയത്ത് നീക്കം ചെയ്യാത്തതിനാൽ ഇത് കട്ടപിടിച്ച് വലിയ മുഴകളായി രൂപപ്പെട്ടിട്ടുണ്ട്.
രാത്രികാലങ്ങളിൽ കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും ഇത് തിരിച്ചറിയാൻ സാധിക്കാത്തത് അപകടസാധ്യത ഇരട്ടിയാക്കുന്നു. റോഡിൽ മെറ്റൽ കിടക്കുന്ന ഭാഗം ഒഴിവാക്കാനായി പെട്ടെന്ന് ദിശമാറ്റി ഓടിക്കേണ്ടി വരുന്നു. ഇത് എതിരേ വരുന്ന വാഹനങ്ങളുമായി ഇടിക്കുന്നതിനും വഴിവയ്ക്കുന്നുണ്ട്. കോൺക്രീറ്റ് മിശ്രിതം റോഡിലേക്ക് വീഴാതിരിക്കാനുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെയാണ് പല വാഹനങ്ങളും സർവീസ് നടത്തുന്നത്.
ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയിലെ അപകടഭീഷണിക്ക് അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.