കോഴിക്കോട് സിറ്റി പോലീസിലെ ഉദ്യോഗസ്ഥര്‍ക്കായി ആരംഭിച്ച സൈബര്‍ കുറ്റാന്വേഷണ പരിശീലന പരിപാടി.
കോഴിക്കോട്: കോഴിക്കോട് സിറ്റി പോലീസിലെ ഉദ്യോഗസ്ഥരുടെ സൈബര്‍ കുറ്റാന്വേഷണ ശേഷി കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗത്തിന്റെയും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ മെറിന് ജോസഫിന്റെയും നിര്‍ദ്ദേശപ്രകാരം സംഘടിപ്പിക്കുന്ന സമഗ്ര സൈബര്‍ കുറ്റാന്വേഷണ പരിശീലന പരിപാടിക്ക് തുടക്കമായി. ഉദ്ഘാടനം കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ പദംസിംഗ് നിര്‍വഹിച്ചു. സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.വി. ശ്രീദാസന്‍ അധ്യക്ഷത വഹിച്ചു.
പരിശീലന പരിപാടിയുടെ ആസൂത്രണം, ഏകോപനം, നടത്തിപ്പ് എന്നിവയുടെ ചുമതല കോഴിക്കോട് സിറ്റി സൈബര്‍ പോലീസ് സ്റ്റേഷനാണ് നിര്‍വഹിക്കുന്നത്. സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണം, ഡിജിറ്റല്‍ തെളിവുകളുടെ ശേഖരണവും വിശകലനവും, ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍, സോഷ്യല്‍ മീഡിയ സംബന്ധമായ കുറ്റകൃത്യങ്ങള്‍, സൈബര്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ സിലബസ് അനുസരിച്ചാണ് ക്ലാസുകള്‍.
സൈബര്‍ കുറ്റകൃത്യങ്ങളുടെ സ്വഭാവവും അന്വേഷണ രീതികളും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥരുടെ സാങ്കേതിക അറിവും അന്വേഷണ മികവും വര്‍ധിപ്പിക്കുന്നതിന് പരിശീലനം സഹായകരമാകും.
Tags : Local News Nattuvishesham Kozhikode