കോഴിക്കോട്: കോഴിക്കോട് നഗരപാത വികസന പദ്ധതിയിൽ 575 കോടിയിലധികം ചെലവഴിച്ച് നടപ്പാക്കുന്ന മാനാഞ്ചിറ-വെള്ളിമാടുകുന്ന് നാലുവരി പാത നിർമാണത്തിലെ ഗുരുതരമായ അപാകതകൾ പരിഹരിച്ച് പദ്ധതി പൂർത്തിയാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആക്ഷൻ കമ്മിറ്റി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
2008 ലെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച റോഡ് വികസനം നിലച്ച് പോകുമെന്ന ഘട്ടത്തിൽ ആക്ഷൻ കമ്മിറ്റിയുടെ ശ്രമഫലമായാണ് ഉമ്മൻ ചാണ്ടി സർക്കാർ ഭൂമിവില നിശ്ചയിച്ച് 64 കോടി ഫണ്ട് അനുവദിച്ച് ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചത്.
പിന്നീട് വന്ന രണ്ടാം പിണറായി സർക്കാറിന്റെ അവസാന കാലത്താണ് ഭൂമിയേറ്റെടുക്കൽ പൂർത്തീകരിച്ച് റോഡ് രണ്ടായി വിഭജിച്ച് മാനാഞ്ചിറ മുതൽ മലാപ്പറമ്പ് വരെയുള്ള ഒന്നാം ഘട്ടം ടെന്‍ഡര്‍ ചെയ്തത്.
മുത്തങ്ങ വരെയുളള എൻഎച്ച് റോഡ് വികസനത്തിന്റെ മറവിൽ അവഗണിച്ച മലാപ്പറമ്പ് മുതൽ വെള്ളിമാടുകുന്ന് വരെയുള്ള രണ്ടാം ഘട്ടം സംസ്ഥാന സർക്കാർ ഗൗരവമായി ശ്രമിച്ചിരുന്നുവെങ്കിൽ കേന്ദ്ര അനുമതി ലഭിച്ച് 8.4 കി.മീറ്റർ റോഡ് പണി ഒന്നിച്ച് ടെന്‍ഡര്‍ ചെയ്യാമായിരുന്നുവെങ്കിലും സർക്കാർ അന്ന് വിമുഖത കാണിക്കുകയാണ് ചെയ്തത്.
പിന്നീട് കേന്ദ്രാനുമതിക്ക് ശേഷം ടെന്‍ഡര്‍ വിളിക്കാതെ രണ്ടാം ഘട്ടത്തിന്റെ പ്രവൃത്തിയും ഒന്നാം ഘട്ട കരാറുകാരനെ തന്നെ ഏല്പിച്ചിരിക്കുകയാണ്.
നഗരത്തിൽ നേരത്തെ നിർമിച്ച ആറുറോഡുകൾ 15 വർഷത്തേക്ക് പരിപാലിക്കുന്ന നിബന്ധന ഈ റോഡിന്റെ ടെന്‍ഡറിൽ ഉൾപ്പെടുത്തിയിട്ടുമില്ല. കരാർ കമ്പനി റോഡ് നിർമാണത്തിൽ വേണ്ടത്ര മുൻകൂർ പരിചയമില്ലാത്തവരാണെന്ന ആശങ്കയും ജനങ്ങളിൽ ഇന്ന് ബലപ്പെട്ടിരിക്കുകയാണ്.
റോഡ് പണിയുടെ പകുതിയോളം ഇനിയും പൂർത്തീകരിക്കപ്പെടേണ്ടതുണ്ട്.
പ്രവൃത്തി ഒന്നും തന്നെ ഇപ്പോൾ നടക്കുന്നുമില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.യോഗത്തിൽ വർക്കിംഗ് പ്രസിഡന്റ് മാത്യു കട്ടിക്കാന അധ്യക്ഷതവഹിച്ചു.
Tags : Nattuvishesham Local News Mananchira-Vellimadukunnu Road