വൈത്തിരി: ദുരന്തസമയങ്ങളിൽ സമൂഹത്തിന് വേഗത്തിലും ഫലപ്രദമായും പിന്തുണ ഉറപ്പാക്കുന്നതിന് കാരിത്താസ് ഇന്ത്യയുടെ പിന്തുണയോടെ കോഴിക്കോട് അതിരൂപതയുടെ സാമൂഹിക സേവന പ്രസ്ഥാനമായ ജീവന നടപ്പാക്കുന്ന "സേഫ് വിതിൻ: റീകണക്ട് വയനാട് ആൻഡ് വിലങ്ങാട്’ പദ്ധതിയുടെ ഭാഗമായി ഹാർട്ട് ടാസ്ക് ഫോഴ്സ് (ഹ്യുമാനിറ്റേറിയൻ എമർജൻസി എയ്ഡ് ആൻഡ് റെസ്പോണ്‍സ് ടീം) അംഗങ്ങൾക്ക് ഏകദിന പരിശീലനം നൽകി.
സെന്റ് ജോസഫ്സ് പള്ളി ഹാളിൽ നടത്തിയ പരിപാടിയിൽ മേപ്പാടി, വൈത്തിരി, പൊഴുതന പഞ്ചായത്തുകളിൽനിന്നു തെരഞ്ഞെടുത്ത 40 സന്നദ്ധപ്രവർത്തകർ പങ്കെടുത്തു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഡോളി ജോസ് ഉദ്ഘാടനം ചെയ്തു. ദുരന്തസമയങ്ങളിൽ കർമനിരതരാകുന്ന സന്നദ്ധപ്രവർത്തകർക്ക് സമഗ്രമായ അറിവും പ്രായോഗിക വൈദഗ്ധ്യവും അനിവാര്യമാണെന്ന് അവർ പറഞ്ഞു. കാരിത്താസ് ഇന്ത്യ സംസ്ഥാന പ്രോഗ്രാം ഓഫീസർ അബീഷ് ആന്റണി സേഫ് വിതിൻ പദ്ധതി ലക്ഷ്യങ്ങളും ഹാർട്ട് ടാസ്ക് ഫോഴ്സിന്റെ ദൗത്യവും വിശദീകരിച്ചു.
പരിശീലനം നേടിയ സന്നദ്ധപ്രവർത്തകരുടെ പങ്ക് ദുരന്തപ്രതിരോധശേഷിയുള്ള സമൂഹസൃഷ്ടിയിൽ നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു. മീനങ്ങാടി സെന്റ് ജോസഫസ് തീർഥാടന ദേവാലയ വികാരി ഫാ. ഡോ. സണ്ണി, വൈത്തിരി സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. ജോണ്സണ് എന്നിവർ പ്രസംഗിച്ചു.
അഗ്നി-രക്ഷാ സേനയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിശീലനത്തിൽ ഇആർടി ട്രെയിനർ ആനന്ദൻ പാലപ്പറ്റ, ഷിജി ആന്റണി എന്നിവർ ദുരന്തനിവാരണവും അടിയന്തര പ്രതികരണവുമായി ബന്ധപ്പെട്ട പ്രായോഗിക സെഷനുകൾ നയിച്ചു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗം ജീവനക്കാരൻ സഞ്ജുവും സംഘവും ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം നൽകി. ജീവന എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ആൽഫ്രഡ് വി.സി. സ്വാഗതം പറഞ്ഞു. പാരിഷ് കൗണ്‍സിൽ സെക്രട്ടറി കെ. ബാബു, സേഫ് വിതിൻ പദ്ധതി കോ ഓർഡിനേറ്റർമാരായ ആഷ്ലി നെൽസണ്‍, ഷീജ ബാബു, എം.ജെ. ഷൈനി, സോഫി ജോയി എന്നിവർ നേതൃത്വം നൽകി.
വയനാട് പുഞ്ചിരിമട്ടത്തും കോഴിക്കോട് വിലങ്ങാടിലും ഉണ്ടായ ഉരുൾ ദുരന്തത്തിനുശേഷമുള്ള രണ്ടാംഘട്ട മാനവിക ഇടപെടലിന്റെ ഭാഗമായാണ് കാരിത്താസ് ഇന്ത്യ സേഫ് വിതിൻ പദ്ധതി ആവിഷ്കരിച്ചത്. ദുരന്തബാധിതരുടെ മാനസിക പുനരുജ്ജീവനം, സാമൂഹിക പുനർബന്ധം, യുവജന നേതൃത്വ വികസനം, സമൂഹ അടിസ്ഥാന ദുരന്തസന്നദ്ധത എന്നിവ ലക്ഷ്യമാക്കി നടപ്പാക്കുന്ന പദ്ധതിയിലൂടെ സൈക്കോസോഷ്യൽ പിന്തുണ, കൗണ്‍സലിംഗ്, കമ്മ്യൂണിറ്റി റിസോഴ്സ് സെന്ററുകളുടെ സ്ഥാപനം, ഉപജീവന മാർഗങ്ങളുടെ ശക്തിപ്പെടുത്തൽ, ടാസ്ക് ഫോഴ്സുകളുടെ രൂപീകരണവും ശേഷി വികസനവും ഉൾപ്പെടെ പരിപാടികൾ പ്രാവർത്തികമാക്കുന്നുണ്ട്.
ടാസ്ക് ഫോഴ്സ് അംഗങ്ങൾ ദുരന്തസന്നദ്ധത ബോധവത്കരണം, മുൻകൂട്ടിയുള്ള അപകട മുന്നറിയിപ്പുകളുടെ പ്രചാരണം, സുരക്ഷിത ഒഴിപ്പിക്കൽ, ദുരിതാശ്വാസ ക്യാന്പുകളുടെ ഏകോപനം, പ്രാഥമിക ശുശ്രൂഷയും ജീവൻരക്ഷാ പ്രവർത്തനങ്ങളും, ദുരന്തബാധിതർക്കുള്ള പിന്തുണ, വിവിധ സർക്കാർ വകുപ്പുകളും രക്ഷാപ്രവർത്തന ഏജൻസികളുമായുള്ള ഏകോപനം തുടങ്ങിയ മേഖലകളിൽ നിർണായക പങ്കുവഹിക്കും.