സുൽത്താൻ ബത്തേരി: വാകേരി തേൻകുഴി, ഗൂഡല്ലൂർ, മൂടക്കൊല്ലി, കക്കടംകുന്ന് പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമായതോടെ വനാതിർത്തി മേഖലയിലെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്.
വനത്തിൽ നിന്ന് ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും കാട്ടാനകൾ സ്ഥിരമായി ഇറങ്ങുന്നതോടെ കർഷകരും നാട്ടുകാരും ദുരിതത്തിലായി. മൂടക്കൊല്ലി മുതൽ ബത്തേരി സത്രംകുന്ന് വരെയുള്ള വനാതിർത്തിയിൽ കോടികൾ ചെലവഴിച്ച് സ്ഥാപിച്ച റെയിൽ ഫെൻസിംഗ് സംവിധാനം മാസങ്ങളായി തകരാറിലാണ്. ശക്തമായ മഴയെ തുടർന്ന് പല ഭാഗങ്ങളിലും വേലി ദുർബലമായതോടെ കാട്ടാനകൾ ഫെൻസിംഗ് തകർത്ത് പുറത്തേക്ക് ഇറങ്ങുന്നതായാണ് നാട്ടുകാർ പറയുന്നത്.
തകർന്ന ഭാഗങ്ങൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ വനവകുപ്പിനെ സമീപിച്ചെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
ചക്കയും മാങ്ങയും പാകമാകുന്ന സീസണായതിനാൽ ഭക്ഷണം തേടി കാട്ടാനകൾ കൂട്ടമായാണ് കൃഷിയിടങ്ങളിലേക്ക് എത്തുന്നത്. വാഴ, കമുക്, തെങ്ങ്, കുരുമുളക് തുടങ്ങിയ കാർഷികവിളകൾ വ്യാപകമായി നശിപ്പിക്കുകയാണ്. രാത്രികാലങ്ങളിൽ കൃഷിയിടങ്ങളിൽ എത്തുന്ന ആനക്കൂട്ടങ്ങൾ മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് വരുത്തിവയ്ക്കുന്നതെന്ന് കർഷകർ പറയുന്നു. സന്ധ്യ മയങ്ങുന്നതോടെ നാട്ടിൽ എത്തുന്ന കാട്ടാനകളെ ഭയന്ന് പ്രദേശവാസികൾ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ ഭയപ്പെടുന്ന അവസ്ഥയാണ്.
രാത്രിയിൽ കാട്ടാനകൾ ജനവാസ മേഖലയിലൂടെ സഞ്ചരിക്കുന്നതും പതിവായതോടെ ഉറക്കമില്ലാത്ത രാത്രികളാണ് നാട്ടുകാർക്ക്. വനാതിർത്തി മേഖലയിലെ റെയിൽ ഫെൻസിംഗ് പൂർണമായും പുനഃസ്ഥാപിക്കുകയും അപകടസാധ്യതയുള്ള ഭാഗങ്ങളിൽ അധിക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുകയും വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. മഴക്കാലം ശക്തമാകുന്നതോടെ കാട്ടാനശല്യം ഇനിയും വർധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
വനംവകുപ്പ് അടിയന്തര ഇടപെടൽ നടത്തി സ്ഥിരമായ പ്രതിരോധ സംവിധാനം ഒരുക്കിയില്ലെങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.
Tags : Nattuvishesham Local News Rail fencing broken Kakkadamkunn