ആലപ്പുഴ: ദേശീയപാത നിർമാണം മൂലം ഓടകൾ അടഞ്ഞതിനാൽ ആലപ്പുഴയുടെ ഒരു പ്രദേശം മുഴുവൻ വെള്ളത്തിനടിയിലായി. കാലവർഷത്തെ ആദ്യമഴയിൽ തന്നെ പെയ്ത്തുവെള്ളം ഉയർന്ന് ദുരിതം ഇരട്ടിയായി. വെള്ളക്കെട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ബൈപാസ് ഉപരോധിച്ച് പ്രതിഷേധവുമായി ജനങ്ങൾ. ആലപ്പുഴ ബൈപാസ് ഉയരപ്പാത കൊമ്മാടിയിൽ അവസാനിക്കുന്ന ഭാഗത്താണ് ജനങ്ങൾ റോഡിൽ കുത്തിയിരുന്നും കിടന്നും പ്രതിഷേധിച്ചത്.
ബൈപാസിന് പടിഞ്ഞാറുഭാഗത്തുള്ള നഗരസഭയിലെ ആറാട്ടുവഴി, കളപ്പുര, കാഞ്ഞിരംചിറ, വാർഡുകളിലുള്ളവരാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഒരു മണിക്കൂർ നീണ്ട പ്രതിഷേധത്തിനിടെ ജില്ലാ കളക്ടറും എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുമിടപെട്ട് വെള്ളക്കെട്ടിന് താത്കാലിക പരിഹാരം ഉറപ്പാക്കിയതോടെയാണ് ജനങ്ങൾ പ്രതിഷേധത്തിൽനിന്നു പിന്മാറിയത്.
ബൈപാസ് ഉപരോധിക്കപ്പെട്ടതോടെ കളർകോട് ഭാഗത്തുനിന്നു വടക്കോട്ടുള്ള വാഹനങ്ങൾ ഉയരപ്പാതയിൽ കുടുങ്ങി. കൊമ്മാടിയിൽനിന്നു കളർകോടു ഭാഗത്തേക്കെത്തിയ വാഹനങ്ങളെ പോലീസ് ഇടപെട്ട് വഴിതിരിച്ചുവിട്ടാണ് ഗതാഗതക്കുരുക്ക് പരിഹരിച്ചത്.
ആറാട്ടുവഴി, കളപ്പുര, കാഞ്ഞിരംചിറ, വാർഡുകളിലെ 600 കുടുംബങ്ങളാണ് വേനൽമഴയോടെ വെള്ളക്കെട്ട് ദുരിതത്തിലായത്. കാലവർഷപ്പെയ്ത്തുകൂടി എത്തിയതോടെ പലരുടെയും വീടുകളിൽ അരയാൾ പൊക്കത്തിലേക്ക് വെള്ളം ഉയർന്നു.
പലർക്കും പ്രാഥമികാവാശ്യങ്ങൾ നിർവഹിക്കാൻ പോലും കഴിയാനാകാത്ത ദുരിതമായതോടെയാണ് പ്രതിഷേധം റോഡ് ഉപരോധത്തിലെത്തിയത്. വെള്ളം ഉയർന്നതോടെ ചിലർക്ക് വാടകവീടുകളിലേക്ക് മാറേണ്ട സാഹചര്യവുമുണ്ടായി.
ദേശീയപാത നവീകരണത്തിന്റെ ഭാഗമായി മുൻപുണ്ടായിരുന്ന ഇടത്തോടും ഓടയും മൂടിയതാണ് ജനങ്ങളെ വെള്ളക്കെട്ടിലാക്കിയത്. റോഡുയർത്തി തോടിനു പകരമായി സ്ഥാപിച്ച പുതിയ ഓടയ്ക്ക് താഴ്ചയില്ലാത്തിനാൽ വെള്ളം ഒഴുകിപ്പോകാനും സംവിധാനമില്ല. കൂടാതെ ഓടമൂടി കോൺക്രീറ്റ് പ്ലാന്റ് സ്ഥാപിച്ചതായും പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.
മുൻപ് ഇടത്തോടിലൂടെയെത്തുന്ന മഴവെള്ളം ഒഴുകി മുതലപ്പൊഴിയിലൂടെ കടലിലേക്കു പോയിരുന്നു. ദേശീയപാതനിർമാണം തുടങ്ങിയതോടെയാണ് ഈ മേഖല വെള്ളക്കെട്ടിലാകുന്നത്. അന്നുമുതൽ പ്രദേശത്തുള്ളവർ റോഡുനിർമാണ കരാറുകാരുടെയും ജനപ്രതിനിധികളുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടികളുണ്ടായില്ലെന്നും ജനങ്ങൾ കുറ്റപ്പെടുത്തുന്നു.