പേരൂര്‍ക്കട: വിദേശത്തുപോകുന്നതിന് മാര്‍ക്ക് ലിസ്റ്റില്‍ തിരുത്തല്‍ വരുത്തിയ ആളെ കരമന പോലീസ് അറസ്റ്റുചെയ്തു. തൃശൂര്‍ കൂര്ക്കാശേരി ശക്തന് നഗറില്‍ സനില്‍ ജോസ് (51) ആണ് അറസ്റ്റിലായത്. കരമനയില്‍ ജോയിന്റ് കണ്‍ട്രോളറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
പോലീസ് പറയുന്നത്- കേരള ഗവ. സര്‍ട്ടിഫിക്കറ്റ് ഇന്‍ എന്‍ജിനിയറിംഗ് (കെജിസിഇ) സര്ട്ടിഫിക്കറ്റിനോടനുബന്ധിച്ചുള്ള മാര്‍ക്ക് ലിസ്റ്റിലാണ് സനില്‍ ജോസ് തിരുത്തല്‍ വരുത്തിയത്. ഇയാള്‍ എന്‍ജിനിയറിംഗ് പരീക്ഷ പാസായിരുന്നില്ല. ജയിച്ചുവെന്ന് വരുത്തിത്തീര്‍ത്ത് വിദേശത്ത് പോയി ജോലി തരപ്പെടുത്തുകയായിരുന്നു ലക്ഷ്യം. തിരുത്തിയ മാര്‍ക്ക് ലിസ്റ്റ് തൃശൂരിലെ സ്ഥാപനത്തിലേക്ക് അയച്ചുകൊടുത്തു.
ഇവിടെനിന്ന് ഫൈനല്‍ നടപടികള്‍ക്കായി കരമനയിലെ ജോയിന്റ് കണ്‍ട്രോളറുടെ ഓഫീസിലെത്തി. യഥാര്‍ത്ഥ മാര്‍ക്ക് ലിസ്റ്റുമായി ഒത്തുനോക്കിയപ്പോഴാണ് അയച്ചുകിട്ടിയ മാര്‍ക്ക് ലിസ്റ്റിലെ മാര്‍ക്കുകള്‍ തിരുത്തിയതായി മനസ്സിലാക്കുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ തൃശൂരിലെ വീട്ടില്‍ നിന്നാണ് സനില്‍ ജോസിനെ കസ്റ്റഡിയിലെടുത്തത്.