പുൽപ്പള്ളി: ക്ഷീരമേഖലയെ പ്രധാനമന്ത്രി എംപ്ലോയീസ് ജനറേഷൻ പോഗ്രാം (പിഎംഇജിപി) പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഒബിസി മോർച്ച ആവശ്യപ്പെട്ടു.
പാലിന്റെ വില വർധിപ്പിച്ച് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ക്ഷീരമേഖലയെ പ്രധാനമന്ത്രി എംപ്ലോയീസ് ജനറേഷൻ പോഗ്രാം എന്ന പദ്ധതിയിൽപ്പെടുത്തി തൊഴിലുറപ്പുമായി സംയോജിപ്പിച്ച് പ്രവർത്തിച്ചാൽ വളരെ ലളിതമായി ക്ഷീരമേഖലയെ സംരക്ഷിക്കാൻ സാധിക്കും. പഞ്ചായത്ത് അടിസ്ഥാനത്തിൽ ഓരോ മേറ്റിന്റെയും കീഴിൽ ഒരു പശു ഫാം നിർമിച്ചാൽ അതിൽനിന്നും കിട്ടുന്ന വരുമാനത്തിന്റെ 50 ശതമാനം തൊഴിലുറപ്പ് തൊഴിലാളികൾക്ക് അധികം വേതനമായി നൽകാനും ബാക്കിതുക പഞ്ചായത്തിന്റെ തനതു ഫണ്ടിലേക്ക് വിനിയോഗിക്കാനും കഴിയും.
ഇതിലൂടെ ക്ഷീര മേഖലയുടെ പ്രതിസന്ധി പരിഹരിക്കാനും പഞ്ചായത്തിന്റെ തനതു ഫണ്ട് വർധിപ്പിക്കുവാനും സാധിക്കും. 35 ശതമാനം സബ്സിഡിയോടുകൂടി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഇത്തരം പദ്ധതികൾ ഈ മേഖലയിൽ വിനിയോഗിക്കണം. 20 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ ലഭ്യമാകുന്ന പദ്ധതിയാണിത്.
അതുകൊണ്ടുതന്നെ വളരെ ഫലപ്രദമായി പദ്ധതി നടപ്പാക്കാൻ സാധിക്കും. ജില്ലാ ജനറൽ സെക്രട്ടറി വി.എസ്. ഷിബി അധ്യക്ഷത വഹിച്ചു. ഗിരീഷ് കട്ടക്കളം, അനീഷ് പള്ളത്ത്, ടി.പി. ശശി തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham Local News Dairy sector