കൽപ്പറ്റ: ജില്ലയിൽ ശനി, ഞായർ ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.
രണ്ട് ദിവസങ്ങളിലും അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലീമിറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നതുകൊണ്ട് കാലാവസ്ഥാ വകുപ്പ് അർഥമാക്കുന്നത്.
ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരും സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറിത്താമസിക്കണം.
സ്വകാര്യ, പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയും വേണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല.
ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടംകൂടി നിൽക്കുകയോ ചെയ്യരുത്. മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
അടിയന്തരയോഗം ചേർന്നു
റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ജില്ലാതല ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്ന് മുന്നൊരുക്കങ്ങൾ വിലയിരുത്തി. എല്ലാ വകുപ്പുകളോടും ജാഗ്രത പാലിക്കാനും അടിയന്തര സാഹചര്യമുണ്ടായാൽ ഉടൻ ആവശ്യമായ ഇടപെടലുകൾ നടത്താനും ജില്ലാ കളക്ടർ നിർദേശിച്ചിട്ടുണ്ട്.
വിധ വകുപ്പുകൾ ഇതിനോടകം സ്വീകരിച്ച നടപടികൾ ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, സബ് കളക്ടർ അതുൽ സാഗർ, ജില്ലാ പോലീസ് മേധാവി അരുണ് കെ. പവിത്രൻ, ജില്ലയിലെ വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കൽപ്പറ്റ: വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അവധി പ്രഖ്യാപിച്ചു.
മതപഠനക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ സ്കൂളുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളജുകൾക്കും അവധി ബാധകമല്ല.
ജില്ലാതല ഉദ്യോഗസ്ഥർ ജില്ലയിലുണ്ടാവണം
ഇന്നും നാളെയും ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ വിവിധ വകുപ്പുകളുടെ മേധാവികൾ ഈ ദിവസങ്ങളിൽ ജില്ലയിലുണ്ടാകണമെന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർപേഴ്സണ് കൂടിയായ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. കളക്ടറുടെ മുൻകൂർ അനുമതിയില്ലാതെ ജില്ലാതല ഉദ്യോഗസ്ഥർ ജില്ലവിട്ട് പോകരുതെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.
ക്വാറികൾ അടച്ചിടണം
കൽപ്പറ്റ: കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവർത്തനവും യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കവും നിർത്തിവയ്ക്കാൻ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഉത്തരവിട്ടു.
ദുരന്ത സാധ്യത നേരിടുന്ന ദുർബല പ്രദേശങ്ങളിലെ ഹോം സ്റ്റേ ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പ്രവർത്തനവും എല്ലാ അഡ്വഞ്ചർ ടൂറിസവും ട്രക്കിംഗുകളും നിർത്തിവയ്ക്കാനും ഉത്തരവിട്ടു.
റിസോർട്ടുകളും ഹോം സ്റ്റേകളും അടച്ചിടണം
മേപ്പാടി: ഇന്നും നാളെയും ദിവസങ്ങളിൽ ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മേപ്പാടി പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന എല്ലാ റിസോർട്ടുകളും ഹോം സ്റ്റേകളും സർവീസ് വില്ലകളും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും രണ്ട് ദിവസത്തേക്ക് തുറന്ന് പ്രവർത്തിക്കരുതെന്ന് മേപ്പാടി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
എൻ ഊര് പ്രവർത്തിക്കില്ല
കൽപ്പറ്റ: ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്നും നാളെയും എൻ ഊര് ഗോത്ര പൈതൃക ഗ്രാമം പ്രവർത്തിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിക്കില്ല
കൽപ്പറ്റ: ജില്ലയിൽ ഇന്നും നാളെയും റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പാക്കം കുറുവ ദ്വീപ്, ബാണാസുര മീൻമുട്ടി വെള്ളച്ചാട്ടം, കാറ്റുകുന്ന് ആനച്ചോല ട്രക്കിംഗ്, ചെന്പ്രപീക്ക് ട്രക്കിംഗ്, സൂചിപ്പാറ വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.
Tags : Nattuvishesham Red alert Public should remain vigilant