കൂവേലിപ്പടി പാടത്തെ കല്ലില് കയര് കുരുങ്ങി ചത്ത പശുവിനെ പരിശോധിക്കുന്ന കര്ഷകര്.
കടുത്തുരുത്തി: കാലാവസ്ഥാ വ്യതിയാനം, കാലിത്തീറ്റ വിലവര്ധന, ഇന്ഷ്വറന്സ് തുക... എന്നിങ്ങനെ വിവിധ കാരണങ്ങളാല് ക്ഷീരകര്ഷകര് പ്രതിസന്ധിയില്. കൂടുതല് പാലും മികച്ച വിലയുമുള്ള കന്നുകാലികള് പ്രതീക്ഷിക്കാത്ത സമയത്ത് ചത്തു പോകുന്നത് ക്ഷീരകര്ഷകരെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കുന്നത്. ഇത് പലരെയും വലിയ കടക്കെണിയിലാക്കുന്നു.
ഒരു പശുവിന് ഇൻഷ്വറന്സ് പരിരക്ഷയെടുക്കുന്നതിന് ഒരു വര്ഷത്തേക്ക് ആറായിരത്തോളം രൂപയാണ് വേണ്ടിവരുന്നതെന്ന് ക്ഷീരകര്ഷകര് പറയുന്നു. ഇതു സാധാരണക്കാരായ കര്ഷകന് താങ്ങാവുന്നതിലും അപ്പുറമാണ്. തന്നെയുമല്ല, പരിരക്ഷ എടുക്കുന്നതിനായി പണം അടച്ചാലും ഇന്ഷ്വറന്സ് പരിധിക്കുള്ളിലാകണമെങ്കില് ദിവസങ്ങള് വേണ്ടിവരുന്നതായി കര്ഷകര് പറയുന്നു. ഇതിനിടെ പശുവിന് എന്തെങ്കിലും സംഭവിച്ചാല് കര്ഷകര്ക്ക് ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. ഇത്തരത്തില് നഷ്ടമുണ്ടായ നിരവധി ക്ഷീരകര്ഷകരാണ് പ്രദേശത്തുള്ളത്.
സൊസൈറ്റികളില് പാലളക്കുന്ന ക്ഷീരകര്ഷകരില്നിന്നു നേരിയ തുക മാത്രം പിടിച്ചു സര്ക്കാര്തന്നെ മുന്കൈയെടുത്ത് കന്നുകാലികള്ക്കുള്ള ഇന്ഷ്വറന്സ് പരിരക്ഷ ഉറപ്പാക്കണമെന്നാണ് കര്ഷകരുടെ ആവശ്യം. ഇതിനായി സര്ക്കാര് പ്രത്യേക പദ്ധതികള് തയാറാക്കണം. പണമടച്ചാല് ആ നിമിഷംതന്നെ ആനുകൂല്യത്തിന് അര്ഹതയുണ്ടാവുകയും വേണം.
കഴിഞ്ഞദിവസം കൂവേലിപ്പടി പാടത്ത് കെട്ടിയിരുന്ന പശു കയര് കുടുങ്ങി ചത്തുവീണു. പയസ് ജോര്ജ് കുര്യാസ് എന്ന ക്ഷീരകര്ഷകന്റെ 12 ലിറ്ററോളം പാല് ലഭിച്ചിരുന്ന പശുവാണ് ചത്തത്. പാടത്തെ കല്ലില് കയര് കുരുങ്ങിയതാണ് അപകട കാരണം. വലിയ സാമ്പത്തിക നഷ്ടമാണ് ഉടമയ്ക്കുണ്ടായിരിക്കുന്നത്. സര്ക്കാര് മില്മ പാലിന് വില വര്ധിപ്പിച്ചെങ്കിലും അതിനു പിന്നാലെ കാലിത്തീറ്റയുടെ വിലയിലും വലിയ വര്ധനയാണ് ഉണ്ടായത്. ഇതോടെ ഫലത്തില് കര്ഷകന് ഗുണമൊന്നും ലഭിക്കാത്ത അവസ്ഥയാണ്.
ഒരു ലിറ്റര് പാലിന് 64 രൂപ വിലയുള്ളപ്പോള്, പരമാവധി 56 രൂപ വരെ മാത്രമാണ് സകല ഇന്സന്റീവുകളുമടക്കം കര്ഷകന് ലഭിക്കുന്നത്. 1200 രൂപ നല്കിയിരുന്ന കെഎസ് കാലിത്തീറ്റ ലഭിക്കണമെങ്കില് ഇപ്പോള് 1550 രൂപ കൊടുക്കണം. മറ്റു കാലിത്തീറ്റയുടെ വിലകളിലും വലിയ വര്ധനയാണുണ്ടായിരിക്കുന്നത്.
അവശ്യസമയങ്ങളില് വെറ്ററിനറി സര്ജന്റെ ഉള്പ്പെടെയുള്ള സേവനങ്ങളും മരുന്നുകളും ലഭ്യമാക്കാന് സര്ക്കാര് സാഹചര്യമൊരുക്കണമെന്നും കര്ഷകര് ആവശ്യപ്പെടുന്നു. പലപ്പോഴും സമയത്ത് ജീവനക്കാരുടെ സേവനം കിട്ടുന്നില്ലെന്ന ആക്ഷേപം ഞീഴൂര് അടക്കമുള്ള മേഖലകളില്നിന്നു പരാതിയായുണ്ട്.
എന്നാല്, കടുത്തുരുത്തി മൃഗാശുപത്രിയിലെ ജീവനക്കാരെക്കുറിച്ചു മികച്ച അഭിപ്രായമാണ് ക്ഷീരകര്ഷകർക്കുള്ളത്. കടുത്ത വേനലും പച്ചപുല്ല്, വെള്ളം എന്നിവയുടെ കുറവുമെല്ലാമായി കന്നുകാലി വളര്ത്തല് മുമ്പോട്ട് കൊണ്ടു പോകാന്
കഴിയാതെ കർഷകർ ശരിക്കും വിഷമിക്കുകയാണ്. മുമ്പ് നല്ല രീതിയില് പ്രവര്ത്തിച്ചിരുന്ന വലിയ ഫാമുകള് പലതും നിന്നുപോയതിന് കാരണവും ചെലവില് ഉണ്ടായ ഭീമമായ വര്ധനയാണെന്ന് കര്ഷകര് പറയുന്നു.
പ്രതികരണം
മിതമായ നിരക്കില് ഇൻഷ്വറൻസ് പരിരക്ഷ വേണം
മിതമായ നിരക്കില് കന്നുകാലികള്ക്ക് ഇന്ഷ്വറന്സ് പരിരക്ഷ ലഭ്യമാക്കാന് സര്ക്കാര് സംവിധാനങ്ങള് സൗകര്യമൊരുക്കണം. നാമമാത്രമായ വിലയില് കാലിത്തീറ്റയും മരുന്നുമെല്ലാം ലഭ്യമാക്കണം.
ജോണിച്ചന് പൂമരത്തേല്, ക്ഷീരകർഷകൻ
ക്ഷീരകർഷകരെ സഹായിക്കണം
നേരം വെളുക്കുന്നതിന് മുമ്പ് തുടങ്ങുന്ന പണി പാതിരാത്രിയായാലും തീരാത്ത ദിവസങ്ങളാണ് ക്ഷീരകര്ഷകന്റേത്. എന്നാല് എത്ര കഷ്ടപ്പെട്ട് പണിയെടുത്താലും അതിനൊത്ത പ്രതിഫലം ഉണ്ടാക്കിയെടുക്കാന് പലപ്പോഴും കഴിയുന്നില്ല. ക്ഷീരകര്ഷകരെ സഹായിക്കാന് സര്ക്കാരും ത്രിതല സംവിധാനങ്ങളും മുന്നോട്ടുവരണം.
റിനു മാഞ്ഞാലില്