നെടുമങ്ങാട്: സംസ്ഥാനം പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തത അവകാശപ്പെടുമ്പോഴും നെടുമങ്ങാടും സമീപ പ്രദേശങ്ങളിലുമുള്ള ക്ഷീരകർഷകർ ദുരിതത്തിൽ. ക്ഷീരകർഷകരുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരികയാണ്. കർഷകർക്ക് ഈ മേഖലയിൽ മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയാണ്.
കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം കാലിത്തീറ്റയുടെ വിലയിൽ 250 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതിനുപുറമേ, കന്നുകാലികൾക്ക് അത്യാവശ്യമായ വൈക്കോലിന്റെ വിലയും ഉയർന്നു. ഉൽപ്പാദനച്ചെലവ് ഇത്രയധികം വർധിച്ചിട്ടും അതിനനുസരിച്ചുള്ള ആദായം പാലിനു ലഭിക്കുന്നില്ല.
കഷ്ടപ്പെട്ട് ഉൽപ്പാദിപ്പിക്കുന്ന പാലിനു വിപണിയിൽ അർഹമായ വില ലഭിക്കാത്തതിനൊപ്പം ഇടനിലക്കാരുടെ ചൂഷണവും കർഷകരെ സാമ്പത്തികമായി തകർക്കുന്നു. ഇതിനുപുറമേ, കന്നുകാലികളെ ബാധിക്കുന്ന മാരകമായ രോഗങ്ങളും കർഷകരുടെ ഉറക്കംകെടുത്തുന്നു. ശരീരത്തിൽ കട്ടിയുള്ള തടിപ്പുകളും മുഴകളും ഉണ്ടാക്കുന്ന "ലംപി സ്കിൻ ഡിസീസ്', പശുക്കളുടെ കുളമ്പുകളിലും വായയിലും പൊട്ടലുകളും വ്രണങ്ങളും ഉണ്ടാക്കുന്ന "കുളമ്പ് രോഗം' എന്നിവ വ്യാപകമാകുന്നത് കർഷകരുടെ ദുരിതം ഇരട്ടിയാക്കുന്നു. രോഗബാധമൂലം പാലുൽപ്പാദനം നിലയ്ക്കുന്നതിനൊപ്പം വൻ തുക ചികിത്സയ്ക്കായി ചെലവഴിക്കേണ്ടി വരുന്നത് സാധാരണക്കാരായ ക്ഷീര കർഷകരെ പട്ടിണിയിലാക്കുന്നു.കാർഷിക മേഖലയിലെ തൊഴിലാളി ക്ഷാമവും കാലാവസ്ഥാ വ്യതിയാനവും സ്ഥിതി കൂടുതൽ വഷളാക്കുന്നുണ്ട്.
Tags :