പ്രതീകാത്മക ചിത്രം
ഒറ്റപ്പാലം: മണ്ണാർക്കാട് -ഒറ്റപ്പാലം പ്രധാനപാതയിൽ അപകടസാധ്യത ഏറെയുള്ള മുരുക്കംപറ്റയിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കാൻ തീരുമാനം.
റോഡ് അപകടങ്ങൾ പതിവായ അമ്പലപ്പാറ-ഒറ്റപ്പാലം പാതകളിലാണ് സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. വാഹനവകുപ്പ് അധികൃതർ രാഷ്ട്രീയ-സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഇതുസബന്ധിച്ച് തീരുമാനമായത്. ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇതിന് പുറമേ കൈയേറ്റങ്ങൾ കണ്ടെത്തുന്നതിന് നേരത്തേ നടത്തിയ സർവേ നടപടികൾ പുനരാരംഭിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനുവേണ്ടി തഹസിൽദാർക്ക് കത്ത് നൽകിയിട്ടുണ്ട്. സ്ഥലം കിട്ടുന്ന മുറയ്ക്ക് സിഗ്നൽ സംവിധാനം ഏർപ്പെടുത്താനാണ് ധാരണ. വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികൾ ഇതിനകം തുടങ്ങിക്കഴിഞ്ഞു.
അടുത്തമാസം 15-ഓടെ ഒറ്റപ്പാലം, അമ്പലപ്പാറ പാതകളിലെ ബസ് സ്റ്റോപ്പുകളാണ് പുനഃക്രമീകരിക്കുക. നെല്ലിക്കുറുശി, വരോട് റോഡുകളിൽ നവീകരണം നടത്താനും പദ്ധതിയുണ്ട്. ഇതുമൂലമാണ് ഈ പാതകളെ ഒഴിവാക്കിയിട്ടുള്ളത്. ബസുകൾ നാൽക്കവലയിൽത്തന്നെ നിർത്തി യാത്രക്കാരെ കയറ്റുന്നത് ഗതാഗതത്തിരക്കിനും അപകടങ്ങൾക്കും കാരണമാകുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
സ്റ്റോപ്പുകൾ മാറ്റുന്നത് വളവുകൾ നിറഞ്ഞ ഭാഗത്താണെന്നും അപകടത്തിന് കാരണമാകുമെന്നും പങ്കെടുത്തവരിൽ ചിലർ അഭിപ്രായപ്പെട്ടു. ഇത് പരിശോധിക്കാൻ പോലീസിനോടും മോട്ടോർവാഹന വകുപ്പിനോടും നിർദേശിച്ചു. അടുത്തുതന്നെ ഇത് പരിശോധിക്കും. ഒറ്റപ്പാലം ഭാഗത്ത് പഞ്ചായത്തിന്റെ സ്ഥലത്ത് താത്കാലികമായി ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കും. അമ്പലപ്പാറഭാഗത്തേക്ക് സ്ഥലം വിട്ടുകിട്ടുന്ന മുറയ്ക്ക് കാത്തിരിപ്പുകേന്ദ്രം നിർമിക്കും.
ഇതിനായി റവന്യൂവകുപ്പ് സർവേനടപടികൾ ഉടൻതന്നെ ആരംഭിക്കും. ഇത് കഴിയുന്നതോടെ ബ്ലിങ്കിംഗ് ലൈറ്റുകൾ സ്ഥാപിക്കാനാണ് തീരുമാനം. റോഡിലെ കുഴികളും തകർന്ന ഭാഗങ്ങളും നവീകരിക്കുന്നതിന് നടപടികൾ ആയിട്ടുണ്ട്.
Tags : Nattuvishesham District News speed breakers Ottapalam road