കോട്ടയം: ഓണക്കാല തിരക്ക് പ്രമാണിച്ച് എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസിന് എട്ടു കോച്ചില്‍ നിന്ന് 20 കോച്ചുകളാക്കണമെന്ന് ഓള്‍കേരള റെയിൽവേ യൂസേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
നിരവധി യാത്രക്കാര്‍ക്കു ബംഗളൂരുവിലേക്കു പോകുന്നതിനും വരുന്നതിനും നിലവിലുള്ള യാത്രാ സംവിധാനങ്ങള്‍ മതിയാകാതെ വരുന്നതിനാല്‍ മറ്റു യാത്രാസംവിധാനങ്ങള്ക്ക് അമിത ചാര്‍ജ് നല്കേണ്ടിവരുന്ന സാഹചര്യമാണ്.
ഇതൊഴിവാക്കാന്‍ വന്ദേഭാരത് ട്രെയിനിലെ കോച്ചുകളുടെ എണ്ണം 20 ആക്കി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന് പ്രസിഡന്റ് പോള്‍ കെ.ജെ. മാന്‍വെട്ടം റെയില്‍വേ മന്ത്രിക്കും റെയില്‍വേ അധികൃതര്‍ക്കും നിവേദനം നല്കി. കേരളത്തില്‍ ഓടുന്ന മെമു ട്രെയിനുകള്‍ക്കും ചില എക്സ്പ്രസ് ട്രെയിനുകള്‍ക്കും സ്റ്റോപ്പുകള്‍ നല്കി യാത്രക്കാരെ സഹായിക്കണം.
കൊല്ലം, കോട്ടയം, എറണാകുളം, ഓടിക്കൊണ്ടിരിക്കുന്ന മെമു ട്രെയിനുകള്‍ക്ക് ചിങ്ങവനത്തും കാഞ്ഞിരമറ്റത്തും സ്റ്റോപ്പുകള്‍ അനുവദിക്കണമെന്നും കായംകുളത്തുനിന്ന് വൈകുന്നേരം 3.20ന് കോട്ടയം വഴി എറണാകുളത്തേക്ക് പുറപ്പെടുന്ന മെമു എക്സ്പ്രസിനു കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Tags : Nattuvishesham Districtnews Demand