നെയ്യാറ്റിന്‍കര: നല്ലൂര്‍വട്ടത്ത് പാട്ടത്തിനെടുത്ത വയലില്‍ വാഴ മുതല്‍ പച്ചക്കറി വരെ കൃഷി ചെയ്യുന്ന ദേവനേശന്‍ വിശ്രമം രാത്രി മാത്രം. കൃഷിയിടം ഒരുക്കുന്നതു മുതല്‍ വിളവെടുപ്പും വിപണിയില്‍ അവ കൊ ണ്ടു കൊടുക്കുന്നതുമെല്ലാം ഏറെക്കുറെ ഒറ്റയ്ക്ക് തന്നെ.
നല്ലൂര്‍വട്ടം സ്വദേശിയായ ദേവനേശന്‍ എന്ന എഴുപതുകാരന്റെയുള്ളില് ഏതു സമയവും കാര്‍ഷിക ചിന്തകളാണ്. വര്‍ഷങ്ങളായി കൃഷി ജീവനോപാധിയായി സ്വീകരിച്ച് ജീവിതം തുടരുന്ന ദേവനേശനെ സംബന്ധിച്ചിടത്തോളം മണ്ണില്‍ അധ്വാനിക്കുന്നതിന് വലിയ മഹത്വമുണ്ട്. മുന്‍പ് നെല്ല് കൃഷി ചെയ്തിരുന്നു. പ്രതികൂല കാലാവസ്ഥയും കൂലിയുമൊക്കെ നെല്‍കൃഷിയെ സാരമായി ബാധിച്ചു.
തോരാ മഴയെത്തുടര്‍ന്ന് പാടത്ത് വെള്ളം കെട്ടിനിന്ന് നെല്ല് അവിഞ്ഞു പോകുന്നതും കൂലി വര്‍ധിപ്പിക്കുന്നതും കര്ഷകന് താങ്ങാനാവില്ല. അങ്ങനെയാണ് പതിയെ വാഴയിലേയ്ക്കും പച്ചക്കറികളിലേയ്ക്കും കൂടുതല്‍ ശ്രദ്ധ നല്‍കിത്തുടങ്ങിയതെന്നു ദേവനേശന്‍ പറഞ്ഞു. നല്ലൂര്‍വട്ടത്ത് രണ്ട് ഏക്കറോളം വയല്‍ പാട്ടത്തിനെടുത്തിട്ടുണ്ട്. വാഴയാണ് കാര്യക്ഷമമായി കൃഷി ചെയ്തുവരുന്ന ത്.
പാവല്‍, വെണ്ട, വെള്ളരിക്ക, പയര്‍ മുതലായ പച്ചക്കറിയിനങ്ങളും കൃഷി ചെയ്യുന്നുണ്ട്. ചാണകമാണ് കൃഷിക്ക് വളമായി കൂടുതല്‍ ഉപയോഗിക്കുന്നത്. ശരിയായ പരിപാലനമാണ് മികച്ച വിളവ് സമ്മാനിക്കുന്നതെന്ന് ദേവനേശന്‍ ചൂണ്ടിക്കാട്ടി. ഭാര്യ ബല്സിത്തയും വീട്ടിലെ ജോലിക്കൊപ്പം കാര്‍ഷികവൃത്തിയില്‍ ദേവനേശനെ സഹായിക്കാറുണ്ട്. രാവിലെ അഞ്ചര- ആറോടെ വയലിലെത്തിയാല് തിരികെ വീട്ടിലെത്താന്‍ വൈകുന്നേരം ആറോ ഏഴോ ഒക്കെ ആകും.
വാഴക്കുലകളും പച്ചക്കറികളും പൂഴിക്കുന്ന്, മര്യാപുരം, പൊന്‍വിള എന്നീ വിപണികളിലാണ് നല്‍കുന്നത്. ഓണം ലക്ഷ്യമാക്കിയാണ് ഇപ്പോഴത്തെ വാഴ കൃഷി. കാലാവസ്ഥ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ദേവനേശന്‍. കുളത്തൂര്‍ കൃഷി ഭവന്റെ സഹായം ലഭിക്കാറുണ്ടെന്നും ദേവനേശന്‍ ദീപികയോട് പറഞ്ഞു.
Tags : nattu vishesham sincerity in the banana plantation