ഗൂഡല്ലൂര്‍: ഓവാലി പഞ്ചായത്തിലെ ബാലവാടിക്കടുത്ത ലാറസ്റ്റന് നാലാംനമ്പറില്‍ സ്വകാര്യ എസ്റ്റേറ്റില്‍ കടുവയുടെ ആക്രമണത്തില്‍ വയോധികന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഓവാലിയിലെ ലാറസ്റ്റനില് സമരം നടത്തി.
ഇന്നലെ രാവിലെയാണ് സമരം നടത്തിയത്.
പ്രദേശവാസിയായ ബാലകൃഷ്ണനാണ് (63) കൊല്ലപ്പെട്ടത്. വെള്ളം തുറക്കാനായി പോയ സമയത്ത് ഇദ്ദേഹത്തെ കടുവ കൊന്നു തിന്നുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം ഏഴിനാണ് വെള്ളം തുറക്കാനായി ഇദ്ദേഹം പോയത്. പിന്നീട് ബാലകൃഷ്ണനെ കാണാതാകുകയായിരുന്നു. ഇന്നലെ രാവിലെ വീട്ടുകാര്‍ നടത്തിയ തെരച്ചിലിനിടെയാണ് കാട്ടിനുള്ളില്‍ പകുതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
ശരീര ഭാഗങ്ങള്‍ പലയിടങ്ങളിലായാണ് കണ്ടെത്തിയത്. മൃതദേഹം നാട്ടുകാരെ അറിയിക്കാതെ വനംവകുപ്പ് ഗൂഡല്ലൂര്‍ ഗവ. ആശുപത്രിയിലേക്ക് എടുത്ത് കൊണ്ടു പോകുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ സമരം നടത്തിയത്. വിവരമറിഞ്ഞ് ഗൂഡല്ലൂര്‍ ആര്‍ഡിഒ ഗുണശേഖരന്, ഡിവൈഎസ്പി ഗോപാലകൃഷ്ണന്, തഹസില്‍ദാര്‍ മുനീശ്വരന്‍, റേഞ്ചര്‍ കറുപ്പന്, ന്യൂഹോപ്പ് എസ്ഐ ഗണേശന് എന്നിവര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി.
ബാലകൃഷ്ണന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്. വനംവകുപ്പിന്റെ നടപടിക്കെതിരേ വാര്‍ഡ് കൗണ്‍സിലറും ഓവാലി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ. സഹദേവന്റെ നേതൃത്വത്തിലാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. കടുവയുടെ ആക്രമണത്തില്‍ വയോധികന് കൊല്ലപ്പെട്ട സംഭവത്തില്‍ ഓവാലിയില്‍ വനംവകുപ്പിനെതിരേ ജനരോഷം ശക്തമായിട്ടുണ്ട്. പ്രദേശത്ത് കടുവാ ഭീതി നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ ഭീതിയോടെയാണ് ഇവിടെ കഴിയുന്നത്. നീലഗിരിയിലെ ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളില്‍ വന്യമൃഗ ശല്യം രൂക്ഷമായിരിക്കുകയാണ്.
Tags : nattu vishesham Protest over elderly man's death