മുക്കം: ജില്ലയിൽ കോൺഗ്രസ് ഗ്രൂപ്പിസം അതിശക്തമായ കാരശേരി ഗ്രാമപഞ്ചായത്തിൽ കോൺഗ്രസിൽ അച്ചടക്ക നടപടി തുടരുന്നു.
യുഡിഎഫ് ഭരിച്ചിരുന്ന കാരശേരി സർവീസ് സഹകരണ ബാങ്ക് സിപിഎമ്മിന്റെ കൈകളിലെത്തിക്കാൻ വഴിവിട്ട ശ്രമം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് കോൺഗ്രസ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത മുൻ കെപിസിസി സെക്രട്ടറി എൻ.കെ അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ സ്മൈൽ ചാരിറ്റബ്ൾ ട്രസ്റ്റിന്റേതെന്ന പേരിൽ ഗ്രൂപ്പ് യോഗം ചേർന്നതായി സംശയമുയർന്ന സാഹചര്യത്തിൽ ജനപ്രതിനിധികളും മണ്ഡലം ഭാരവാഹികളുമുൾപ്പെടെ നാല് പേർക്കെതിരെ ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തംഗം വി.എൻ. സുഹൈബ്, കാരശേരി ഗ്രാമപഞ്ചായത്തംഗം എൻ.കെ. അൻവർ, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ഫൈസൽ ഊരാളി, സാദിഖ് പുൽപറമ്പിൽ എന്നിവർക്കെതിരേയാണ് നോട്ടീസ് അയച്ചത്.
നോട്ടീസ് കൈപറ്റി 5 ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്നും നോട്ടീസിൽ പറയുന്നു. നോട്ടീസിന്റെ കോപ്പി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം. സിറാജുദ്ധീൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സമാൻ ചാലൂളി എന്നിവർക്കും അയച്ചിട്ടുണ്ട്. അതേ സമയം ഇത്തരം ഒരു കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിട്ടില്ലന്നും നടന്നത് ഗ്രൂപ്പ് യോഗ മല്ല മറിച്ച് സ്മൈൽ ചാരിറ്റബ്ൾ ട്രസ്റ്റിന്റെ ജനറൽ ബോഡി യോഗമാണന്നും വി.എൻ. സുഹൈബ് പറഞ്ഞു.
Tags : nattu vishesham Disciplinary action continues in Congress