കോട്ടയം: പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാതലത്തില്‍ ഇന്റര്‍ സെക്ടറല്‍ യോഗം ചേര്‍ന്നു. ഡെപ്യൂട്ടി കളക്ടര്‍ സജിത്ത് നാസര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍. പ്രിയ അധ്യക്ഷത വഹിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്താന്‍ യോഗം തീരുമാനിച്ചു. പകര്‍ച്ചവ്യാധികള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പഞ്ചായത്തുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തും.
സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ വഴി ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കും. വീടുകളിലും സ്ഥാപനങ്ങളിലും ഡ്രൈ ഡേ ആചരണം കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിനു നിര്‍ദേശം നല്കി. ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളില്‍ ഏകാരോഗ്യം പരിപാടിയുടെ ഭാഗമായി യോഗം വിളിക്കും.
ലഹരി ഉപയോഗം വഴി പകരുന്ന രോഗങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ്, എക്സൈസ്, പോലീസ്, ഡ്രഗ്സ് കണ്ട്രോള് വിഭാഗം എന്നിവയുടെ സംയുക്ത പരിശോധന നടത്താനും തീരുമാനിച്ചു. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ജെസി ജോയ് സെബാസ്റ്റ്യന്‍, ഏകാരോഗ്യം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. ലിന്റോ ലാസര്‍, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. പ്രസീദ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kottayam