പൈനാവില്‍ ആരംഭിച്ച ജില്ലാ ട്രഷറിയുടെ പ്രാദേശിക ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിക്കുന്നു.
ഇടുക്കി: സംസ്ഥാനത്ത് ട്രഷറികള്‍ ആധുനികവത്കരണത്തിന്റെ പാതയിലാണെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. പൈനാവില്‍ ജില്ലാ ട്രഷറി പ്രവര്‍ത്തനോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ ആസ്ഥാനത്തിനു പുറത്ത് പ്രവര്‍ത്തിച്ചിരുന്ന ഇടുക്കിയിലെ ട്രഷറി പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കാനും ഏകോപിപ്പിക്കാനും വേണ്ടിയാണ് പൈനാവിലേക്കു കൊണ്ടുവരുന്നത്. ട്രഷറി ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ധനപരവും ഭരണപരവുമായ കാര്യങ്ങളെല്ലാം കാര്യക്ഷമമാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ഭരണ നിര്‍വഹണം കാര്യക്ഷമമാക്കാന്‍ ജില്ലാ ഓഫീസുകള്‍ ആസ്ഥാനത്ത് പ്രവര്‍ത്തിക്കണമെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് മൂലമറ്റത്തുനിന്നു ജില്ലാ ട്രഷറി പൈനാവില്‍ ജില്ലാ പഞ്ചായത്തിനു സമീപത്തേക്ക് മാറ്റിയത്. പൈനാവില്‍ 15 സെന്റ് സ്ഥലം പുതിയ കെട്ടിടം നിര്‍മിക്കാനായി അനുവദിച്ചിട്ടുണ്ട്. മന്ത്രി റോഷി അഗസ്റ്റിന് അധ്യക്ഷത വഹിച്ചു.
ത്രിതല പഞ്ചായത്തംഗങ്ങളായ വിജി കണ്ണന്, അമ്മിണി ജോസ്, രാജു കല്ലറയ്ക്കല്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ ഷിജോ തടത്തില്‍, സാജന് കുന്നേല്‍, സിനോജ് വള്ളാടി, എന്‍.എന്‍. സുശീല, ട്രഷറി വകുപ്പ് ഡയറക്ടര്‍ വി. സാജന്, ജില്ലാ ട്രഷറി ഓഫീസര്‍ ബിബി മേരി മാത്യു എന്നിവര്‍ പ്രസംഗിച്ചു.