കളർ ഇന്ത്യ പെയിന്റിംഗ് മത്സരത്തിന്റെ കണ്ണൂർ യൂണിറ്റ്തല ഉദ്ഘാടനം
കണ്ണൂർ: ലഹരി ഉപയോഗം വ്യക്തിയുടെ ജീവിതത്തെ മാത്രമല്ല നാടിന്റയാകെ സ്വപ്നങ്ങളെയാണ് തകർക്കുന്നതെന്ന് കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക്. കണ്ണൂർ ഉർസുലൈൻ സീനിയർ സെക്കൻഡറി സ്കൂളിൽ ദീപിക-ഡിസിഎൽ കളർ ഇന്ത്യ സീസൺ-5 കണ്ണൂർ യൂണിറ്റ്തല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു മയക്കുമരുന്ന് സംഘങ്ങളുടെ പ്രവർത്തനം. ഇപ്പോൾ ഗ്രാമപ്രദേശങ്ങളിൽ പോലും യുവതലമുറ ലഹരിക്ക് അടിമകളാകുന്നു. സ്വന്തം ലാഭത്തിനുവേണ്ടി ഒരു തലമുറയെ തന്നെ ഇല്ലാതാക്കി കുടുംബത്തെയും രാജ്യത്തെയും തകർക്കുകയാണ് ലഹരി വിതരണക്കാർ ചെയ്യുന്നത്.
യുവത്വത്തിന്റെ ഊർജം നല്ല കാര്യങ്ങളിലേക്ക് തിരിച്ചുവിട്ടില്ലെങ്കിൽ അവർ വഴിതെറ്റിപ്പോകും. മൊബൈലും ഇന്റർനെറ്റുമൊക്കെ ഇക്കാലത്ത് ഒഴിവാക്കാനാകില്ല. എത്രസമയം ഉപയോഗിക്കണമെന്ന് സ്വയം തീരുമാനമെടുത്ത് നിയന്ത്രിക്കാൻ കഴിയണം. ചാറ്റ് ജിപിടിയും എഐയുമൊക്കെ വളർച്ചയ്ക്കും വിദ്യാഭ്യാസത്തിനും വേണ്ടി ഉപയോഗിക്കണം. കുട്ടികൾ സ്ക്രീൻ സമയം കുറച്ച് മറ്റ് ഗെയിമുകളിൽ സജീവമാകണം. എങ്കിൽ മാത്രമേ ശാരീരികവും മാനസികവുമായ വളർച്ചയുണ്ടാകുകയുള്ളൂ.
ഉയർച്ചതാഴ്ചകളുള്ളതാണ് ജീവിതം. എപ്പോഴും വിജയിച്ചുകൊണ്ടിരിക്കണമെന്ന് നിർബന്ധമില്ല. പരാജയങ്ങൾ സ്വീകരിക്കാനുള്ള മനസും പക്വതയും കുട്ടികളിലുണ്ടാകണം. മാതാപിതാക്കൾക്കും അധ്യാപകർക്കും എല്ലാക്കാലത്തും ഉപദേശങ്ങൾ നൽകി കൂടെയുണ്ടാകാൻ കഴിയില്ല. യഥാർഥ ജീവിതത്തെ സ്വന്തമായാണ് നേരിടേണ്ടത്.
റാങ്കും മാർക്കും കുറഞ്ഞാലോ മാതാപിതാക്കളോ അധ്യാപകരോ ശാസിച്ചാലോ അവസാനിപ്പിക്കാനുള്ളതല്ല ജീവിതമെന്നും അദ്ദേഹം പറഞ്ഞു.
ദീപിക കിക്ക് ഔട്ട്- ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് ലഹരിമുക്ത കാന്പയിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ദീപികയുടെ പ്രവർത്തനങ്ങൾ സമൂഹത്തിൽ ഒരുപാട് മാറ്റങ്ങൾക്കും പുരോഗതിക്കും കാരണമായിട്ടുണ്ടെന്നും ഇനിയും നാടിന്റെ നന്മയ്ക്കുള്ള വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
കണ്ണൂർ രൂപത വികാരി ജനറാൾ മോൺ. ക്ലാരൻസ് പാലിയത്ത് അധ്യക്ഷത വഹിച്ചു. ദീപിക സർക്കുലേഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ ജോർജ് തയ്യിൽ, വിസ്മയ അമ്യൂസ്മെന്റ് പാർക്ക് മാർക്കറ്റിംഗ് മാനേജർ പി.വി.നിധിൻ, ഉർസുലൈൻ സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അർച്ചന പോൾ എന്നിവർ പ്രസംഗിച്ചു. നയന മുരളി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Tags : Nattuvishesham Districtnews Drugs Destroy