എസി റോഡരുകിലെ വീടുകള്‍ വെള്ളത്തിലകപ്പെട്ട നിലയില്‍.
ബെന്നി ചിറയില്‍
ചങ്ങനാശേരി: വീടിനു പുറത്ത് മഴ, ആറുകള്നിറഞ്ഞ് കിഴക്കന്‍വെള്ളം ഇരമ്പിക്കയറുന്നു. വീടുകളില്‍ അരയറ്റം വെള്ളമാണെങ്കിലും കുടിക്കാൻ ഒരിറ്റുവെള്ളം കിട്ടാനില്ല. വീടുകളില്‍ വെള്ളമായതിനാല്‍ ആഹാരം പാചകം ചെയ്യാനാകുന്നില്ല. വൈദ്യുതിബന്ധം പലയിടത്തും വിച്ഛേദിച്ചു. കൂലിപ്പണിയെടുത്ത് കുടുംബം പോറ്റിയിരുന്ന പലരും ജോലിക്ക് പോയിട്ട് ദിവസങ്ങള്‍ പിന്നിട്ടു.
ഇതോടെ പല വീടുകളും കൊടുംപട്ടിണിയിലേക്ക് നീങ്ങുകയാണ്. കൊച്ചുകുട്ടികളും ഗര്‍ഭിണികളും പ്രായമായവരും ഉള്‍പ്പെടുന്ന വീടുകള്‍ സങ്കടക്കടലിലാണ്. 2018ലെ മഹാപ്രളയം പോലാകുമോ, പടിഞ്ഞാറന്‍മേഖലയിലുള്ള ആയിരക്കണക്കിന് കുടുംബങ്ങള്‍ പ്രളയപ്പേടിയിലാണ്.
ഹോളോബ്രിക്സില്‍ ഉയര്‍ത്തിവച്ച കട്ടിലിലാണ് ആളുകള്‍ കിടക്കുന്നത്. മൂര്‍ഖന്‍ പാമ്പ് ഉള്‍പ്പെടെ ഇഴജന്തുക്കള്‍ വീടിനുള്ളില്‍ തലങ്ങും വിലങ്ങും നീന്തിക്കയറുന്നു. റോഡുകളില്‍ കഴുത്തറ്റം വെള്ളം എങ്ങോട്ടും നീങ്ങാനാകാത്ത അവസ്ഥ. പകല്‍ എങ്ങനെയും കഴിച്ചുകൂട്ടും. രാത്രിയാകുമ്പോള്‍ ആകെ ഭയാശങ്ക. വെള്ളംമൂടിയ പടിഞ്ഞാറന്‍ മേഖലയില്‍നിന്നും ഉയരുന്നത് കണ്ണീരം വിലാപവും.
പായിപ്പാട് പഞ്ചായത്ത് ഒന്നാംവാര്‍ഡിലെ എസി തോടിനു സമീപമുള്ള ഉന്നതിയിലെ വീടുകള്‍, ദൈവപ്പറമ്പ്, തുരുത്തേപ്പടി, മൂലേപ്പുതുവല്‍, അറുനൂറില്‍ പുതുവല്‍, കോമങ്കേരിച്ചിറ, നക്രാല്‍ ഭാഗങ്ങളിലെ എഴുനൂറോളം വീടുകള്‍ ഉള്‍പ്പെടെ വെള്ളത്തിലാണ്. ചങ്ങനാശേരി നഗരപരിധിയിലെ മനയ്ക്കച്ചിറ ഭാഗത്തെ നിരവധി വീടുകളും വെള്ളപ്പൊക്ക ദുരിതത്തിലാണ്.
എസി റോഡില്‍ നിരവധി കലുങ്കുകളുണ്ടെങ്കിലും അവ തുറക്കാത്തതും പാലത്തിനടിയില്‍ മാലിന്യങ്ങള്‍ കുന്നുകൂടി ഒഴുക്ക് തടപ്പെട്ടതും വലിയ പ്രതിസന്ധിയാണ്. എസി റോഡില്‍നിന്നുള്ള എല്ലാ ഇടവഴികളും വെള്ളക്കെട്ടിലാണ്. പെട്രോള്‍ പമ്പുകള്‍ അടച്ചതുമൂലം എന്ജിന് ഘടിപ്പിച്ച വള്ളങ്ങള്പ്പോലും പ്രവര്‍ത്തിപ്പിക്കാനാകുന്നില്ല. വളര്‍ത്തുമൃഗങ്ങളുടെ അവസ്ഥ ആകെപ്പാടെ ഗതികേടിലാണ്. കോഴികള്‍ കൂട്ടില്‍ കിടന്നു ചത്തൊടുങ്ങുന്നു. തൊഴുത്തുകളില്‍ വെള്ളംകയറിയതുമൂലം കന്നുകാലികള്‍ തണുത്തുവിറയ്ക്കുകയാണ്.
രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍പോലും കഴിയുന്നില്ല
വെട്ടിത്തുരുത്ത്: വെട്ടിത്തുരുത്ത് പടിഞ്ഞാറുള്ള മുപ്പതോളം വീടുകള്‍ വെള്ളക്കെട്ടിലാണ്. ശുദ്ധജലമില്ല, ജോലി ചെയ്യാന്‍ പോകാന്‍ പറ്റാത്തതുമൂലം വീടുകളില്‍ പട്ടിണി നേരിട്ടിരിക്കുകയാണ്. റോഡുകളും വെള്ളക്കെട്ടിലാണ്. രോഗികള്‍ക്കും അത്യാഹിതം സംഭവിക്കുന്നവര്‍ക്കും ചങ്ങനാശേരിയില്‍ എത്താന്‍ പറ്റാത്ത അവസ്ഥയാണ്.
വെള്ളത്താല്‍ ചുറ്റപ്പെട്ട കാവാലിക്കരിയിലെ 15 വീട്ടുകാര്‍ പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുകയാണ്. തോട്ടിലെ പോളക്കെട്ടില് പാമ്പും പഴുതാരയും എലിയും വര്‍ധിക്കുന്നതും ആളുകള്‍ക്ക് ഭീഷണിയാണ്.
അട്ടശല്യവും ആളുകളെ ബുദ്ധിമുട്ടിക്കുന്നു. കഴിഞ്ഞദിവസം വെട്ടിത്തുരുത്ത് പള്ളിക്കു സമീപം താമസിക്കുന്ന യുവതിക്ക് പാമ്പുകടിയേറ്റതിനെത്തുടർന്ന് വളരെ ബുദ്ധിമുട്ടിയാണ് ആശുപത്രിയിലെത്തിച്ചത്. ഇന്നലെ കാലിനു പരിക്കേറ്റയാളെയും സ്ട്രോക്ക് വന്നയാളെയും നാട്ടുകാര്‍ എടുത്തു വെള്ളത്തില്‍ നീന്തിയാണ് ആശുപത്രിയിലെത്തിച്ചത്. പോളശല്യത്തിന് പരിഹാരം കാണണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത സെക്രട്ടറി കെ.എസ്. ആന്റണി ആവശ്യപ്പെട്ടു.
Tags : Nattuvishesham Local News water level rises flooding