മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങൾ മോട്ടോർ വാഹനചട്ടങ്ങൾ പാലിച്ചുള്ളവ ആയിരിക്കണമെന്നും വാഹനത്തിന് നിയമാനുസൃതമായി വേണ്ട രേഖകളെല്ലാം ഉണ്ടായിരിക്കണമെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദേശം പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി.ആർ. വിനോദ് അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാർഥിക്ക് ഇരുചക്ര വാഹനമുൾപ്പെടെ ഉപയോഗിക്കാം. എന്നാൽ വാഹനപ്രചാരണ ചെലവ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കിന്റെ പരിധിയിൽ വരുന്നതാണ്. പ്രചാരണ വാഹനത്തിന് വരണാധികാരിയുടെ മുൻകൂർ അനുമതി വാങ്ങണം. സ്വകാര്യ ആവശ്യങ്ങൾക്കുള്ള വാഹനങ്ങളിൽ പ്രചാരണം പാടില്ല.
വരണാധികാരിയാണ് പ്രചാരണ വാഹനത്തിനുള്ള പെർമിറ്റ് നൽകുന്നത്. വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ടാക്സി/ടൂറിസ്റ്റ് പെർമിറ്റ്, ഡ്രൈവറുടെ ലൈസൻസ്, ടാക്സ് അടച്ചതിന്റെ രേഖ, ഇൻഷ്വറൻസ്, പുക പരിശോധനാ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം പെർമിറ്റിനായി ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നൽകണം.
വരണാധികാരി നൽകുന്ന ഒറിജിനൽ പെർമിറ്റ് വാഹനത്തിന്റെ മുൻവശത്ത് കാണത്തക്ക വിധം പ്രദർശിപ്പിക്കണം. പെർമിറ്റിൽ വാഹനത്തിന്റെ നന്പർ, സ്ഥാനാർഥിയുടെ പേര് എന്നിവ ഉണ്ടാകും. തെരഞ്ഞെടുപ്പ് പ്രചരണ വാഹനത്തിന്റെ രൂപമാറ്റം, വാഹനത്തിൽ തെരഞ്ഞെടുപ്പ് പരസ്യം, കൊടി എന്നിവയുടെ പ്രദർശനം, വീഡിയോ പ്രചാരണ വാഹനം എന്നിവയെല്ലാം മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായിരിക്കണം.
വാഹനങ്ങളിൽ ഉച്ചഭാഷിണി ഘടിപ്പിക്കുന്നതിന് പോലീസ് അധികാരിയുടെ അനുമതി വാങ്ങണം. ഇതിനായി വരണാധികാരി നൽകിയ വാഹന പെർമിറ്റ് ഉൾപ്പെടെയുള്ള രേഖകളുടെ പകർപ്പ് സഹിതം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ അപേക്ഷിക്കണം.
വരണാധികാരിയുടേയോ പോലീസ് അധികാരിയുടേയോ പെർമിറ്റ് ഇല്ലാത്ത വാഹനം പ്രചരണത്തിന് ഉപയോഗിക്കാൻ പാടില്ല. അത്തരം വാഹനം അനധികൃത പ്രചാരണ വാഹനമായി കണക്കാക്കി നടപടി സ്വീകരിക്കും.
Tags : local nattuvishesham